
Perinthalmanna Radio
Date: 29-04-2025
പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ അങ്ങാടിപ്പുറത്തിന് അടുത്ത് ഇലക്‌ട്രിക് ലൈനിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് 2.57ന് ആണു സംഭവം. അങ്ങാടിപ്പുറത്തു നിന്ന് ഷൊർണൂർ- നിലമ്പൂർ പാസഞ്ചർ പുറപ്പെട്ട് അൽപസമയത്തിനകമാണ് മരക്കൊമ്പ് പൊട്ടിവീണത്.
ട്രെയിൻ അങ്ങാടിപ്പുറം കഴിഞ്ഞയുടനെ ശക്തമായ മഴയിലും കാറ്റിലും ട്രാക്കിനു സമീപത്തെ തേക്കിന്റെ മുകളിൽനിന്ന് കൊമ്പ് പൊട്ടി ഇലക്‌ട്രിക് ലൈനിൽ വീഴുകയായിരുന്നു. ഇതോടെ ലൈനിൽ വൈദ്യുതിമുടങ്ങുകയും ട്രെയിൻ നിൽക്കുകയുമായിരുന്നു. ലേഡീസ് കംപാർട്ട്‌മെന്റിനു സമീപമാണ് ലൈൻ പൊട്ടിവീണത്. ഇതോടെ യാത്രക്കാരും ഭീതിയിലായി. ട്രെയിനിൽ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷൊർണൂർ റെയിൽവേ പൊലീസ് അസി. സബ് ഇൻസ്‌പെക്‌ടർ സുധീഷ്, നിലമ്പൂർ ആർപിഎഫ് അസി. സബ് ഇൻസ്‌പെക്‌ടർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. അങ്ങാടിപ്പുറം സീനിയർ സെക്‌ഷൻ എൻജിനീയർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ടിആർഡിയുടെ ഉന്നതസംഘവും ഉടൻതന്നെ സ്ഥലത്തെത്തി. വൈകിട്ട് അഞ്ചേകാലോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടത്തെ തുടർന്ന് നിലമ്പൂരിൽ നിന്ന് 4.20ന് പുറപ്പെടേണ്ട നിലമ്പൂർ–പാലക്കാട് ട്രെയിൻ റദ്ദാക്കി. പകരം നിലമ്പൂർ–കോട്ടയം എക്‌സ്പ്രസ് ട്രെയിൻ എല്ലാ സ്‌റ്റേഷനുകളിലും നിർത്തി യാത്രക്കാർക്ക് സൗകര്യം ഒരുക്കി. ഏകദേശം രണ്ടര മണിക്കൂറോളം വൈകിയാണ് കോട്ടയം ട്രെയിൻ വാണിയമ്പലത്തുനിന്ന് പുറപ്പെട്ടത്. മണിക്കൂറുകളോളം ട്രെയിൻ വൈകിയതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നവരുൾപ്പെടെ ബുദ്ധിമുട്ടിലായി.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ