കാറ്റിലും മഴയിലും ട്രാക്കിലേക്ക് മരം വീണ് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം മുടങ്ങി

Share to

Perinthalmanna Radio
Date: 29-05-2025

പെരിന്തൽമണ്ണ : ഷൊർണൂർ– നിലമ്പൂർ റെയിൽവേ ലൈനിൽ മരം വീണതു മൂലമുള്ള വൈദ്യുതി തടസ്സം ട്രെയിൻ ഗതാഗതത്തെ ഇന്നലെയും ബാധിച്ചു. കനത്ത കാറ്റിലും മഴയിലും മരം ട്രാക്കിലേക്ക് വീഴുന്നത് പതിവായതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നുണ്ട്.

ചില ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതും പൂർണമായി റദ്ദാക്കുന്നതും യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്നലെ നിലമ്പൂർ–പാലക്കാട് പാസഞ്ചർ ട്രെയിൻ നിലമ്പൂരിനും അങ്ങാടിപ്പുറത്തിനും ഇടയ്‌ക്ക് റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.

വൈകിട്ടത്തെ ഷൊർണൂർ–നിലമ്പൂർ ട്രെയിൻ അങ്ങാടിപ്പുറത്ത് യാത്ര അവസാനിപ്പിച്ചതും ഒട്ടേറെ യാത്രക്കാരെ ദുരിതത്തിലാക്കി. പിന്നീട് ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിനിലാണ് അങ്ങാടിപ്പുറത്ത് ഇറങ്ങിയവർ യാത്ര തുടർന്നത്. ഈ ട്രെയിനും ഏറെ വൈകിയാണ് എത്തിയത്. പലരും അതിനു മുൻപ് ബസിലും മറ്റ് വാഹനങ്ങളിലുമായി യാത്ര തുടർന്നു.

ട്രെയിൻ യാത്ര മുടങ്ങിയതോടെ അങ്ങാടിപ്പുറം റെയിൽവേ യാത്രികർ സ്‌റ്റേഷനിൽ പ്രതിഷേധിച്ചു. നിലമ്പൂർ–കോട്ടയം ട്രെയിൻ വാണിയമ്പലത്ത് പിടിച്ചിട്ട ശേഷം ഏറെ വൈകിയാണ് യാത്ര തുടർന്നത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *