
Perinthalmanna Radio
Date: 29-07-2025
പെരിന്തൽമണ്ണ : തൊണ്ടി വാഹനങ്ങൾ നിറഞ്ഞ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി കിടന്നിരുന്ന പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ– കോടതി റോഡ് ഇനി നഗരസൗന്ദര്യത്തിന്റെ വേറിട്ട മുഖം.
വീതി കൂട്ടി വികസിപ്പിച്ച് കട്ട പതിച്ച് മനോഹരമാക്കിയ റോഡ് നാളെ രാവിലെ 10ന് സമർപ്പിക്കും. പൊലീസ് സ്റ്റേഷൻ, എക്‌സൈസ് ഓഫിസ്, സബ് ജയിൽ, വിവിധ കോടതികൾ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങി വിവിധ വകുപ്പ് കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന റോഡിന് ഡിപ്ലമാറ്റിക് റോഡ് എന്നാണ് നാമകാരണം ചെയ്യുന്നത്.
റോഡിന്റെയും പ്രദേശത്തിന്റെയും മുഖഛായ മാറുന്ന നിലയിലാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നു നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു.
റോഡരികിൽ ഇനി ഓപ്പൺ ജിമ്മും വയോജന പാർക്കും യാഥാർഥ്യമാക്കാനാണ് പദ്ധതി. 49 ലക്ഷം രൂപയാണ് റോഡിൽ കട്ട പതിക്കാനായി നഗരസഭ വകയിരുത്തിയത്.
ദേശീയപാതയുടെ ഭാഗമായ പെരിന്തൽമണ്ണ–മണ്ണാർക്കാട് റോഡിനെയും സംസ്ഥാന പാതയുടെ ഭാഗമായി ചെർപ്പുളശ്ശേരി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡായി ഇത് മാറും.
നഗര സിരാകേന്ദ്രത്തിലെ പ്രധാന ജംക്‌ഷനിലെ കുരുക്ക് അഴിക്കാനും ഈ റോഡിന് സാധിക്കും.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
