താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി;  മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം തുടരും

Share to


Perinthalmanna Radio
Date: 29-08-2025

വൈത്തിരി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മൾട്ടി ആക്സിൽ വാഹനങ്ങൾ ഒഴികെ കെഎസ്ആർടിസി ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തി വിടും. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം തീരുമാനിച്ചു.

വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നില്ല. എന്നാൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആർ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. പാറയുടെ ഡ്രോൺ പടങ്ങൾ എടുത്ത് സ്ഥിതിഗതികൾ വിലയിരുത്താനും യോഗം തീരുമാനിച്ചു.

ചുരം വ്യൂപോയിന്റിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തും. ഇവിടെ വാഹനം നിർത്തി സമയം ചെലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആകുന്നതുവരെ അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ചുരത്തിൽ വിന്യസിക്കും. സ്ഥലത്ത് ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങൾ തുടരാനും യോഗം തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ രേഖ, ജിയോളജിസ്റ്റ് ഡോ.മഞ്ജു തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *