
Perinthalmanna Radio
Date: 29-09-2025
മങ്കട : മങ്കടയിലും പരിസരപ്രദേശങ്ങളിലും പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. പുളിക്കൽ പറമ്പ് പെരുമ്പറമ്പ്, പി.കെ.നഗർ എന്നീ സ്ഥലങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം പി.കെ.നഗറിന് സമീപം റബർ ടാപ്പിങ് തൊഴിലാളിയും പെരുമ്പറമ്പ് കട്ടിങ്ങിന് സമീപം ബൈക്ക് യാത്രക്കാരനുമാണ് പുലിയെ കണ്ടിരുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ പുലിയെ കണ്ട സാഹചര്യത്തിലാണ് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചത്.
ഇന്നലെ 11 മണിയോടെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് അൽത്താഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ശ്രീകുമാർ. വാച്ചർമാരായ വി.ഉണ്ണിക്കൃഷ്ണൻ, ടി.എച്ച്.നസീർ എന്നിവരടങ്ങുന്ന സംഘമാണ് സംഭവസ്ഥലം സന്ദർശിച്ചത്. ടാപ്പിങ് തൊഴിലാളിയായ അനിലിൽനിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞു.
പുലിയുടെ സാന്നിധ്യം ഇനിയും ഉണ്ടാകുകയാണെങ്കിൽ പുലിയുടെ കാൽപാടുകളും തൊട്ടടുത്ത വീടുകളിൽ നിന്നും ലഭ്യമാകുന്ന സിസിടിവി ദൃശ്യങ്ങളും സമാഹരിക്കണമെന്നും വളർത്തു മൃഗങ്ങൾ ആക്രമണത്തിന് ഇരയാകുന്നത് ശ്രദ്ധിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.
ആവശ്യമെങ്കിൽ സംഭവസ്ഥലത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും മറ്റും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
