
Perinthalmanna Radio
Date: 29-11-2023
പെരിന്തൽമണ്ണ : നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുമ്പിൽ എത്തിക്കുന്ന പരാതികളിൽ മിക്കതും പെരിന്തൽമണ്ണ നഗരസഭയുമായി ബന്ധപ്പെട്ടത്. മുടങ്ങി കിടക്കുന്ന വികസന പദ്ധതികളാണിതിൽ പ്രധാനം. ഇതിനാവട്ടെ നഗരസഭക്ക് സർക്കാറിന്റെ സഹായം കൂടിയേ തീരൂ. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി സർക്കാർ സഹായം തേടി നഗരസഭ സംസ്ഥാന സർക്കാറിനെ സമീപിച്ചു വരികയാണ്. നഗരസഭയുടെ വരുമാന പരിധിക്കപ്പുറത്ത് പണം ചെലവഴിച്ചും സർക്കാർ വായ്‌പ ലക്ഷ്യം വെച്ചും പൊതു ജനങ്ങളിൽ പണം സ്വരുപിച്ചും തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കാൻ ആവാത്തതാണ് നഗരസഭ നേരിടുന്ന വെല്ലുവിളികൾ. ഇതാവട്ടെ പൊതു ജനങ്ങളുമായി ബന്ധപ്പെട്ടതുമാണ്. പണം നൽകിയവർ ജനകീയ സമരത്തിന് ഒരുങ്ങിയ നഗര മധ്യത്തിലെ ഇൻഡോർ മാർക്കറ്റാണ് ഇതിൽ പ്രധാനപ്പെട്ടത്. നാലു നിലകളിൽ ആധുനിക സൗകര്യങ്ങളോടെ ഇൻഡോർ മാർക്കറ്റ് സുരക്ഷിത നിക്ഷേപമാണെന്നും ഇതിൽ മുറികൾ എടുത്താൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാമെന്നും അവകാശപ്പെട്ട് നടത്തിയ ലേല സംഗമത്തിൽ നിന്ന് ഏകദേശം 20 കോടി രൂപ പിരിച്ചെടുത്തു.
ഇതടക്കം സർക്കാർ ഫണ്ടും ചേർത്ത് 40 കോടിയുടെ മാർക്കറ്റ് സമുച്ചയം നിർമിക്കാനുള്ള പദ്ധതി പണമില്ലാതെ മുടങ്ങി. സർക്കാർ വായ്പക്ക് നഗരസഭ ഒന്നര വർഷമായി മന്ത്രിമാരുടെ ഓഫിസും സെക്രട്ടേറിയറ്റും കയറി ഇറങ്ങുന്നുണ്ട്. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മൻ്റെ കോർപറേഷനിൽ നിന്ന് 30 കോടി വായ്പ തേടിയിട്ടുണ്ട്. പക്ഷേ, 2020 ആദ്യത്തിൽ പണം മുടക്കിയവർക്ക് ഇപ്പോൾ ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു. ഈ വായ്‌പ പ്രതീക്ഷിച്ചാണ് നാലു വർഷമായി പൊളിച്ചിട്ട മുനിസിപ്പൽ ടൗൺഹാൾ കിടക്കുന്നത്. ഏഴു കോടി എസ്റ്റിമേറ്റിട്ട് തുടങ്ങിയ ടൗൺഹാൾ നിർമാണം തീർക്കാൻ പണമില്ല. ഇപ്രകാരം തന്നെയാണ് തൂണുകളായി നിൽക്കുന്ന ആയുർവേദ ആശുപത്രി കെട്ടിടവും. അഞ്ചു കോടിയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടത്. ഇതും പണമില്ലാത്തതിനാൽ പൂർത്തിയാക്കാൻ ആയിട്ടില്ല. ഇവക്ക് പുറമെ 2019ൽ തുടങ്ങി ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ല ക്ഷ്യമിട്ട 400 കുടുംബങ്ങൾക്കുള്ള ലൈഫ് പാർപ്പിട സമുച്ചയവും പണം ഇല്ലാത്തതിനാൽ ഇഴഞ്ഞു നീങ്ങുന്ന പദ്ധതിയാണ്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
