പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസ്; സ്വര്‍ണവും പണവും കണ്ടെടുത്തു

Share to

Perinthalmanna Radio
Date: 29-11-2024

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ ആക്രമിച്ചു സ്വർണം തട്ടിയ കേസിലെ പ്രതികളിൽ നിന്ന് 1.723 കിലോഗ്രാം സ്വർണവും 32,79,500 രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൂന്നര കിലോയോളം സ്വർണമാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികളിൽ നിന്നു ലഭിച്ച പണം ബാക്കി സ്വർണം വിറ്റതാണെന്ന നിഗമനത്തിലാണു പൊലീസ്.

സ്വർണം ഉരുക്കി 7 കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി പ്രതികളിൽ ഒരാളായ ലിസൺ വിൽപന നടത്തിയിരുന്നു. ഇതിന്റെ തുകയും മറ്റ് 2 കട്ടികളും ഇയാളുടെ വീട്ടിൽനിന്നും 4 കട്ടികൾ മറ്റൊന്ന് പ്രതി മിഥുന്റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.

സ്വർണം ഉരുക്കാൻ ഉപയോഗിച്ച സാധന സാമഗ്രികൾ സതീഷിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ 6 കരിവളകൾ തൃശൂരിലെ ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പൊലീസ് കണ്ടെടുത്തു.

റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽരാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29) എന്നിവരെ 30 വരെയും അർജുൻ ഉൾപ്പെടെ പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടിൽ സതീഷ് (46), കണ്ണറ സ്വദേശി കുഞ്ഞിക്കാവിൽ ലിസൺ (31), തൃശൂർ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻ എന്ന അപ്പു (37) എന്നിവരെ ഡിസംബർ 4 വരെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

പിടിയിലായ സംഘത്തിൽ അനസിന്റെ പേരിൽ 15 കേസുകളും ഷിഹാബുദ്ദീന്റെ പേരിൽ 22 കേസുകളും അനന്തുവിന്റെ പേരിൽ 7 കേസുകളും സലീഷിന്റെ പേരിൽ 14 കേസുകളും സതീഷിന്റെ പേരിൽ 3 കേസുകളും നിലവിലുണ്ട്.

3.2 കിലോഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ തട്ടിയെടുത്ത സ്വർണം പ്രതികൾ തൂക്കി നോക്കിയതായാണു പറയുന്നതെന്നും 2.5 കിലോഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് സംഘത്തിന്റെ മൊഴിയെന്ന് ഡിവൈഎസ്‌പി ടി.കെ.ഷൈജു, പൊലീസ് ഇൻസ്‌പെക്‌ടർ സുമേഷ് സുധാകരൻ, എസ്‌ഐ ടി.എ.ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *