
Perinthalmanna Radio
Date: 29-11-2025
പെരിന്തൽമണ്ണ: കൊടികുത്തി മലയിലെ ജൈവ വൈവിധ്യങ്ങളുടെ കണക്കെടുപ്പ് ഞായറാഴ്ച ആരംഭിക്കും. പ്രദേശത്തെക്കുറിച്ച് ഇതുവരെ അധികം പഠനങ്ങൾ നടത്തിയിട്ടില്ല. വനം വകുപ്പും നിലമ്പൂർ ആസ്ഥാനമായ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ ഇക്കോളജി ആൻഡ് റിസർച്ച് എന്ന സംഘടനയും ചേർന്നാണ് കൊടികുത്തിമലയിലെ ജീവിവർഗങ്ങളെ കുറിച്ച് സമഗ്രമായ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, ഉരഗ വർഗത്തിൽപെട്ട ജീവികൾ, ഷഡ്പദങ്ങൾ തുടങ്ങി എല്ലാ ജീവിവർഗങ്ങളെയും സസ്യവർഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 40 വളന്റിയർമാരും വിദഗ്ധരും ചേർന്ന് നടത്തുന്ന കണക്കെടുപ്പിൽ കൊടികുത്തി മലയുടെ ജൈവിക ആവാസ വ്യവസ്ഥയുടെ ഏകദേശ രൂപം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
“ബയോബ്ലിറ്റ്സ്” എന്ന് പേരിട്ടിരിക്കുന്ന സർവേപദ്ധതി ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് നാലു വരെ നടക്കും. സമുദ്രനിരപ്പിൽ നിന്ന് 1770 അടി ഉയരത്തിലാണ് കൊടികുത്തിമല. 130 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഇവിടം ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. മൈക്രോ ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ട് എന്നതാണ് കൊടികുത്തി മലയുടെ വിശേഷം. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാലി ന്റെ മേൽനോട്ടത്തിലാണ് കണക്കെടുപ്പ്. ജില്ലയിലെ പ്രധാന വിനോദ കേന്ദ്രം കൂടിയാണ് കൊടികുത്തിമല. ഇവിടെ ബയോ ഡൈവേഴ്സിറ്റി പാർക്ക്, ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങി ഗവേഷക വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ കൂടി ഒരുക്കണമെന്ന് സ്റ്റിയർ ഭാരവാഹികൾ പറയുന്നു. സ്റ്റിയർ ഭാരവാഹികളായ ബെർനാഡ് എം തമ്പാൻ, സുഭാഷ് പുളിക്കൽ, ബ്രിജേഷ് പൂക്കോട്ടൂർ, ശബരി ജാനകി, ആനന്ദ്, ബയോബ്ലിറ്റ്സ് കോഓഡിനേറ്റർ ഡോ. രജിന നേതൃത്വം നൽകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
