
Perinthalmanna Radio
Date: 29-12-2025
അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാകുന്നു. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ക്രിസ്മസ്- പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്‌സിൽ ഭാര വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയുള്ള സമയങ്ങളിലാണ് വലിയ ഭാര വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. വലിയ ഭാര വാഹനങ്ങളെ നിയന്ത്രണ സമയങ്ങളിൽ ചുരംപാതവഴി കടത്തിവിടില്ലെന്നും മറിച്ചൊരു അറിയിപ്പുണ്ടാവുന്നതുവരെ നിയന്ത്രണം തുടരുമെന്നും കോഴിക്കോട് റൂറൽ പോലീസും അറിയിച്ചു.
ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിലുണ്ടായ കനത്ത ഗതാഗതക്കുരുക്കും വരുംദിവസങ്ങളിൽ വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ അതിപ്രസരവും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കൂടാതെ ചുരം വ്യൂപോയിന്റ് രണ്ട്, നാല് വളവുകളിൽ ഉൾപ്പെടെയുള്ള അനധികൃത പാർക്കിങ്ങിന് പിഴയും ചുമത്തും.
—————————————————-
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
