
Perinthalmanna Radio
Date: 30-01-2026
പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ഏഴ് പദ്ധതികൾക്കായി 5.75 കോടി രൂപ അനുവദിച്ചു. പുലാമന്തോൾ ജി.എച്ച്. എസ്.എസിന് കെട്ടിടം നിർമിക്കുന്നതിന് രണ്ടു കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയും മേലാറ്റൂർ മിനി സ്റ്റേഡിയം നവീകരണത്തിന് 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
അമ്പലംകുന്ന് എടായിക്കൽ ഒടമല റോഡിന് ഒരു കോടിയും പള്ളിപ്പടി പെരുമ്പറമ്പ് റോഡിന് 50 ലക്ഷ വും മല്ലിക്കട പള്ളി റോഡിന് 25 ലക്ഷവും മലങ്കട കമ്പിമല റോഡിന് 50 ലക്ഷവും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. നജീബ് കാന്തപുരം എം.എൽ.എ. നിർദേശിച്ച പദ്ധതികളാണിവ.
ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് പദ്ധതി ഉൾപ്പെടെ കാലങ്ങളായുള്ള പല ആവശ്യങ്ങളും ഇത്തവണയും ബജറ്റിൽ അവഗണിക്കപ്പെട്ടു. ആലിപ്പറമ്പ് പഞ്ചായത്തിലെ കാളിക്കടവ് പാലം, തൂതപ്പുഴയ്ക്ക് കുറുകേ ഏലംകുളം ഗ്രാമ പഞ്ചായത്തിലെ പറയൻതുരുത്ത്- മാട്ടായ പാലം, പെരിന്തൽമണ്ണ തൂത റോഡ് നവീകരണം രണ്ടാം ഘട്ടം, പെരിന്തൽമണ്ണ, പുലാമന്തോൾ, താഴെക്കോട്, കരിങ്കല്ലത്താണി, വെട്ടത്തൂർ, മേലാറ്റൂർ നഗരങ്ങളുടെ നവീകരണം തുടങ്ങിയവ ആയിരുന്നു മറ്റു പ്രധാന ആവശ്യങ്ങൾ.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ സ്പോർട്‌സ് കോംപ്ലക്സ്, രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പള്ളത്ത് കടവിൽ റെഗുലേറ്റർ കം ഫുട്ട് ബ്രിഡ്‌ജ്, കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ സമഗ്ര വികസനം, രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതി പ്രദേശങ്ങളിൽ റെഗുലേറ്റർ വിയർ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
