ഡ്രൈവിങ് സ്കൂളുകളില്‍ പഠിപ്പിക്കാൻ അനധികൃത വാഹനം ഉപയോഗിച്ചാല്‍ നടപടി

Share to

Perinthalmanna Radio
Date: 30-04-2025

ഡ്രൈവിങ് സ്കൂളുകളില്‍ പഠിപ്പിക്കാൻ സാധാരണ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

ഇതിന്റെ ഭാഗമായി ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പർ നല്‍കുന്ന നടപടി വിവിധ ജില്ലകളില്‍ ആർടി ഓഫീസർമാരുടെ നേതൃത്വത്തില്‍ തുടങ്ങി. അംഗീകാരമുള്ളതാണെന്ന് തിരിച്ചറിയാൻ വാഹനത്തിന്റെ ബോണറ്റില്‍ പ്രത്യേക നമ്പർ ഉള്‍പ്പെട്ട സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്.

ഡ്രൈവിങ് സ്കൂളുകള്‍ക്ക് ലൈസൻസ് അനുവദിക്കുമ്ബോള്‍ ഏതൊക്കെ വാഹനമാണ് പഠനത്തിന് ഉപയോഗിക്കുന്നതെന്ന് രജിസ്റ്റർചെയ്യുന്നുണ്ട്. ഇതില്‍ ഉള്‍പ്പെടാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്. സ്കൂളിന്റെ പേരുപയോഗിച്ച്‌ സബ് ഏജന്റുമാർ നടത്തുന്ന രീതിയുണ്ടെന്നും ഇതില്‍ ലൈസൻസില്‍ ഉള്‍പ്പെടാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഇത് വ്യാജ ഡ്രൈവിങ് സ്കൂളുകളും വാഹനങ്ങളുമായാണ് മോട്ടോർവാഹനവകുപ്പ് കാണുന്നത്.

ലൈസൻസുള്ള നാലുചക്ര വാഹനങ്ങളില്‍, പഠിപ്പിക്കുന്നയാള്‍ക്കുകൂടി നിയന്ത്രിക്കാവുന്ന ക്ലച്ചും ബ്രേക്കും അധികമായുണ്ടാകും. ലൈസൻസില്‍ ഉള്‍പ്പെടാത്ത വാഹനങ്ങളില്‍ ഇതുണ്ടാകില്ലെന്നുമാത്രമല്ല, ആവശ്യമായ സുരക്ഷാസംവിധാനങ്ങളുമുണ്ടാകില്ല.

ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അവ മോട്ടോർവാഹനവകുപ്പിന്റെ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുമുണ്ടാകില്ല. അനധികൃത വാഹനങ്ങള്‍ ഡ്രൈവിങ് പഠിപ്പിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ സ്കൂളിനെതിരേ നടപടിയെടുക്കാനാണ് വകുപ്പിന്റെ തീരുമാനം. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടിയടക്കമുണ്ടാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *