രാമഞ്ചാടി ശുദ്ധജല പദ്ധതി ജൂണിൽ കമീഷൻ ചെയ്യാൻ ആലോചന

Share to

Perinthalmanna Radio
Date: 30-05-2025

പെരിന്തൽമണ്ണ : സംസ്ഥാന സർക്കാറിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ രാമഞ്ചാടി ശുദ്ധജല വിതരണ പദ്ധതി അവസാന ഘട്ടത്തിൽ. പദ്ധതി ജൂണിൽ കമ്മീഷൻ ചെയ്യാൻ ആലോചന. ഇക്കഴിഞ്ഞ വേനലിൽ കമീഷൻ ചെയ്യാൻ ആലോചിച്ച പദ്ധതിയിൽ സമയത്തിന് വൈദ്യുതി കണക്ഷൻ ലഭ്യമാവാതെ നീണ്ടതാണ്. എച്ച്.ടി ലൈൻ വലിച്ച് പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷന്റെ പ്രവൃത്തി ഏകദേശം തീർത്തു. 93 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്. വൈദ്യുതിക്ക് സി.ഡി അടക്കണം. ജൂൺ പത്തിനകം ഉദ്ഘാടനം ആലോചിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എൽ.എ പെരിന്തൽമണ്ണ മണ്ഡലം പ്രതിനിധി ആയിരിക്കെയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്. മുൻ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ രാമഞ്ചാടി പദ്ധതിക്ക് ഏറെ ഗുണകരമായി.

കുന്തിപ്പുഴയിൽ രാമഞ്ചാടി കയത്തിനു സമീപം കിണർ സ്ഥാപിച്ച് ചേലാമലയിൽ വലിയ സംഭരണ ടാങ്കും ട്രീറ്റ്മെന്റ്റ് പ്ലാന്റും നിർമിച്ചാണ് പെരിന്തൽമണ്ണ നഗരസഭയിലും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും വെള്ളമെത്തിക്കുക. നിലവിൽ പെരിന്തൽമണ്ണ അർബൻ ശുദ്ധജല പദ്ധതിയിൽ വെള്ളം എത്തുന്നത് പുലാമന്തോൾ കട്ടുപ്പാറയിലെ കിണറ്റിൽ നിന്നാണ്.

നിലവിലെ പദ്ധതി പ്രദേശങ്ങളിലേക്കും പുതുതായി പൈപ്പ് നീട്ടിയ ഭാഗങ്ങളിലേക്കും പുതിയ പദ്ധതിയിൽ വെളളം എത്തിക്കാനാവും. 2016ൽ പെരിന്തൽമണ്ണ നഗരസഭയിൽ പ്രാദേശികമായി നടത്തിയ വികസന സർവേയിലാണ് ബ്രഹദ് പദ്ധതിയുടെ ആവശ്യകത ഉയർന്നത്. കാലപ്പഴക്കം ചെന്ന നിലവിലെ അർബൻ ശുദ്ധജല പദ്ധതിയിൽ വേണ്ടുന്ന വെള്ളം വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് പുതിയ പദ്ധതി ആലോചിച്ചത്. പമ്പിങ് ലൈൻ മുഴുവൻ മാറ്റി സ്ഥാപിച്ചു. അതേ സമയം പദ്ധതിയുടെ നിർമാണോദ്ഘാടനം 2020 ൽ കോവിഡ് കാലത്താണ് നടത്തിയതാണ്. ഒന്നര വർഷത്തിൽ പൂർത്തിയാക്കാൻ ആയിരുന്നു ധാരണ. 2022 മുതൽ ഓരോ വേനലിലും ഇത് ആശ്രയിക്കുന്നവർ രാമഞ്ചാടി പദ്ധതി കമീഷൻ ചെയ്യുന്നത് കാത്തിരുന്നെങ്കിലും ഏറെ നീണ്ടു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *