
Perinthalmanna Radio
Date: 30-07-2025
ഒരു നാടിനെ ഭൂപടത്തില്‍ നിന്നു തന്നെ മായ്ച്ച മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്.
പോയ ഒരുവർഷവും കണ്ടത് വാക്കുകള്‍ ജലരേഖയാകുന്ന കാഴ്ച. ഉരുള്‍പൊട്ടലിനുപിന്നാലെ മലവെള്ളപ്പാച്ചില്‍പോലെവന്ന വാഗ്ദാനങ്ങള്‍ ആരുമറിയാതെ മണ്മറഞ്ഞു.
ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനല്കാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടിന്റെ എണ്ണംചോദിച്ചാല്‍ ഉത്തരം വട്ടപ്പൂജ്യം.
സാമ്പത്തിക സഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങള്‍. പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മുടങ്ങില്ലെന്ന് ചൂരല്‍മലയുടെ ഇടറിയ മണ്ണില്‍നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ നാടൊന്നടങ്കം അത് നെഞ്ചേറ്റി. എന്നാല്‍, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാന്പത്തികസഹായം കേന്ദ്രത്തില്‍നിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം.
ഉരുളുറപ്പുകള്‍ വെറുംവാക്കുകളാകുമ്ബോള് ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങള്‍ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളില്‍ ‘അഭയാർഥികളാ’ണ്. സ്വന്തമായി ഒരു വീടിനായി അവർ കാത്തിരിപ്പ് തുടരുന്നു, നിനച്ചിരിക്കാതെ നഷ്ടപ്പെട്ട കിടപ്പാടത്തിനു പകരമാകില്ലെങ്കില്‍ക്കൂടി
*പണം ഒരു പ്രശ്നമല്ല*
നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യണം. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും. പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മുടങ്ങില്ലെന്നാണ് പ്രധാന മന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷം ഓഗസ്റ്റ് 10-ന് ചൂരല്‍മലയിലെത്തിയപ്പോള്‍ നല്കിയ ഉറപ്പ്
*കേന്ദ്രത്തില്‍നിന്ന് കിട്ടിയത്*
അതിതീവ്രമെന്ന് പ്രഖ്യാപനംമാത്രം. ആ തീരുമാനംപോലുമെടുത്തത് ദുരന്തമുണ്ടായി 153-ാം നാള്.
പുനർനിർമാണപ്രവൃത്തികള്ക്കായി കേരളം അപേക്ഷിച്ച 2220 കോടിയുടെ കാര്യത്തില്‍ കേന്ദ്രത്തിന് മിണ്ടാട്ടമില്ല. ആകെ കിട്ടിയ സഹായധനം സ്പെഷ്യല്‍ അസിസ്റ്റന്റ് ഫോർ കാപ്പിറ്റല്‍ ഇൻവെസ്റ്റ്മെന്റ് (സാഫ്കി) സ്കീമില്‍പ്പെടുത്തി ലഭിച്ച 529.50 കോടിരൂപയുടെ വായ്പയാണ്.
*ഉടൻ പുനരധിവാസം
പുനരധിവാസം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞുപോയത്. പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി അവിടെ ഒരു ടൗണ്‍ഷിപ്പുതന്നെ നിർമിക്കും. മാതൃകാപരമായ രീതിയില്‍ ഈ പു
