
Perinthalmanna Radio
Date: 30-08-2024
പെരിന്തൽമണ്ണ: കാറിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 13 കിലോഗ്രാം കഞ്ചാവുമായി 4 പേർ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടിൽ മുഹമ്മദ് ഷാനിഫ് (38), ചോരാംപറ്റ മുഹമ്മദ് റാഷിദ് (31), മേലാറ്റൂർ ഏപ്പിക്കാട് സ്വദേശികളായ തോട്ടശ്ശേരി സയീദ്കോയ തങ്ങൾ (42), തയ്യിൽ മുഹമ്മദ് (38) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്ഐ ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും ചരക്കുലോറികളിൽ ഒളിപ്പിച്ചും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെയും ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഏജന്റുമാരെയും കുറിച്ച് ഡിവൈഎസ്പി. സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിൽ സി.ഐ.സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ.സി.തങ്കച്ചൻ എന്നിവരും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
ആലിപ്പറമ്പ്, ബിടാത്തി എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലെത്തിക്കുന്ന കഞ്ചാവ് രാത്രിയിൽ ചെറിയ പാക്കറ്റുകളിലാക്കിയ ശേഷമാണ് ചെറുകിട വിൽപന നടത്തുന്നവർക്ക് കൈമാറുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഷാനിഫ്, മുഹമ്മദ് റാഷിദ് എന്നിവരെ എംഡിഎംഎയുമായി നാട്ടുകൽ പൊലീസ് മുൻപ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയതാണ്. ഒരാഴ്ച മുൻപ് കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 104 ഗ്രാം എംഡിഎംഎയും പെരിന്തൽമണ്ണ പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ കൂടുതൽ ചോദ്യംചെയ്തു വരികയാണെന്നും സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഡിവൈഎസ്പി, സിഐ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
