അങ്ങാടിപ്പുറം പഞ്ചായത്തിൽ ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

Share to

Perinthalmanna Radio
Date: 30-08-2024

പെരിന്തൽമണ്ണ: 18 ജീവനക്കാർ ഉണ്ടായിരുന്ന അങ്ങാടിപ്പുറം പഞ്ചായത്തിൽ ഓഫിസ് നിർവഹണത്തിന് ശേഷിക്കുന്നത് 2 പേർ മാത്രം. ഒരു അസിസ്റ്റന്റ് സെക്രട്ടറിയും ഒരു പ്യൂണും.  പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെ 16 ജീവനക്കാർക്കാണ് കൂട്ടത്തോടെ സ്ഥലംമാറ്റം. പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, ഓവർസീയർ, 5 യുഡി ക്ലാർക്കുമാർ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ടുള്ള അന്തിമ ഉത്തരവ് ഇറങ്ങി. മറ്റ് 5 എൽഡി ക്ലാർക്കുമാരെയും ഒരു പ്യൂണിനെയും സ്ഥല മാറ്റുന്ന കരട് ലിസ്‌റ്റും ഇറങ്ങി. അതേസമയം ഈ തസ്‌തികകളിലേക്ക് ഒന്നും പകരക്കാരെ നിയമിച്ചിട്ടുമില്ല. പഞ്ചായത്തിന്റെ മുഴുവൻ കത്തിടപാടുകളും പൊതുജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടുനൽകേണ്ടതും സെക്രട്ടറിയാണ്.

പഞ്ചായത്ത് നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികളുടെയും അലോട്മെന്റ് നടത്തേണ്ടതും സെക്രട്ടറിയാണ്. സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ഇതെല്ലാം സ്‌തംഭിക്കും. നിർമാണ ജോലികളുടെ എസ്‌റ്റിമേറ്റ് എടുക്കേണ്ടതും പൂർത്തിയായവയുടെ ബില്ല് തയാറാക്കേണ്ടതും നൂറുകണക്കായ നിർമാണ പ്രവൃത്തികളുടെ നിർവഹണം നടത്തേണ്ടതും അസിസ്റ്റന്റ് എൻജിനീയറാണ്. ഇതെല്ലാം സ്‌തംഭിക്കുന്ന സ്ഥിതിയാണ്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് ആളുകളുടെ പരാതികൾ സ്വീകരിക്കാനും തുടർനടപടികൾക്കും ഫ്രണ്ട് ഓഫിസിലും ആളുണ്ടാകില്ല.

10 ക്ലാർക്കുമാരെയാണ് കൂട്ടത്തോടെ മാറ്റുന്നത്. അടിയന്തരമായി ഒഴിവുകൾ നികത്തി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി സർക്കാർ തിരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ എന്നിവർ ആവശ്യപ്പെട്ടു.വളരെ പെട്ടെന്ന് പകരക്കാരെ നിയമിച്ച് ഒഴിവുകൾ നികത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അബൂ താഹിർ തങ്ങൾ അറിയിച്ചു.ജനങ്ങളെ ദ്രോഹിച്ച് പഞ്ചായത്തിനെതിരെ ജനവികാരം തിരിച്ചുവിടാനുള്ള എൽഡിഎഫിന്റെ രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ മുരളീധരൻ, കൺവീനർ കളത്തിൽ ഹാരിസ് എന്നിവർ ആരോപിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *