
Perinthalmanna Radio
Date: 30-09-2025
പെരിന്തൽമണ്ണ : ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിജിന് ലിഫ്റ്റ് സൗകര്യം ഒരുക്കും. പ്രായമായവരും രോഗികളുമായ യാത്രക്കാരെ ഉദ്ദേശിച്ചാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഇന്നലെ പാലക്കാട് റെയിൽവേ എഡിആർഎം എം.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള റെയിൽവേ ഉന്നത തല സംഘം റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ലിഫ്റ്റ് നിർമാണം അടുത്ത ദിവസം തുടങ്ങും.
പെരിന്തൽമണ്ണ ഭാഗത്തു നിന്ന് എഫ്സിഐ റോഡിലൂടെ എത്തുന്ന യാത്രക്കാർക്കുള്ള വാഹന പാർക്കിങ് മേഖലയുടെയും മേൽപാലത്തിന്റെയും നിർമാണ പ്രവൃത്തി നടന്നു വരികയാണ്. ഇതോടൊപ്പം ഈ ഭാഗത്ത് ടിക്കറ്റ് ബുക്കിങ്ങിനുള്ള എടിവിഎം സജ്ജമാക്കും. ഇവിടങ്ങളിലെല്ലാം റെയിൽവേ സംഘം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. റെയിൽവേ സ്റ്റേഷനിലെ ട്രോളി പാത്തും നവീകരിക്കും.
റെയിൽവേ സ്റ്റേഷനിൽ നടന്നു വരുന്ന അമൃത ഭാരത് പദ്ധതികളുടെ ഉദ്ഘാടനത്തിന് മുൻപായി ലിഫ്റ്റും വാഹന പാർക്കിങ് മേഖലയും പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 13.759 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്.
റെയിൽവേ സ്റ്റേഷൻ വിപുലീകരണം, സ്റ്റേഷനടുത്ത് വിശാലമായ പാർക്കിങ് ഏരിയ, പ്ലാറ്റ് ഫോം നവീകരണം, അങ്ങാടിപ്പുറം ഭാഗത്തു നിന്നുള്ള വിപുലമായ അപ്രോച്ച് റോഡ്, സ്റ്റേഷൻ വൈദ്യുതീകരണവും സിഗ്നൽ സംവിധാനവും ഒരുക്കൽ തുടങ്ങിയ പ്രവൃത്തികളെല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
നിലവിൽ പെരിന്തൽമണ്ണ ഭാഗത്തു നിന്നെത്തുന്ന യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പാളം മുറിച്ചു കടന്നു വേണം ഇവർക്ക് സ്റ്റേഷനിലെത്താൻ. ക്രോസിങ് സ്റ്റേഷൻ ആയതിനാൽ മിക്കപ്പോഴും ഇരുവശത്തേക്കും ട്രെയിൻ ഉണ്ടാകും.
ഇതുമൂലം പാളം മുറിച്ചു കടക്കുകയെന്നത് ഏറെ സാഹസമാണ്. വാഹനങ്ങളിൽ പെരിന്തൽമണ്ണ ഭാഗത്തു നിന്നെത്തുന്നവർ അങ്ങാടിപ്പുറം മേൽപാലം കടന്ന് തരകൻ ഹയർ സെക്കൻഡറി സ്കൂളിന്റെ അരുകിലൂടെയുള്ള റോഡുവഴി സ്റ്റേഷനിലെത്തണം. ഈ സാഹചര്യത്തിൽ പുതിയ സംവിധാനങ്ങൾ പ്രതീക്ഷയോടെയാണ് യാത്രക്കാർ കാത്തിരിക്കുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
