കുന്നോളം വികസന പ്രതീക്ഷകളുമായി നവകേരള സദസ്സ് ഇന്ന് പെരിന്തൽമണ്ണയിൽ

Share to

Perinthalmanna Radio
Date: 30-11-2023

പെരിന്തൽമണ്ണ: വോട്ടു ബലം കൊണ്ട് ഇടതു വലതു പക്ഷങ്ങൾ ബലാബലം നിൽക്കുന്ന പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് കുന്നോളമാണ് വിവിധ സംഘടനകളും വ്യക്തികളും ഉന്നയിക്കുന്ന ആവശ്യങ്ങളും പരാതികളും.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് പെരിന്തൽമണ്ണയിൽ നടക്കും. രാവിലെ 9 ന് ഷിഫ കൺവെൻഷൻ സെന്ററിലാണ് പ്രഭാത സദസ്സ്. സമൂഹത്തിലെ വ്യത്യസ്‌ത വിഭാഗങ്ങളിൽ നിന്നുള്ള 250 ഓളം പൗരപ്രമുഖർ പങ്കെടുക്കും. വൈകിട്ട് 6ന് നെഹ്റു സ്‌റ്റേഡിയത്തിലാണ് ജനസദസ്സ്. 7000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തൽ സജീകരിച്ചിട്ടുണ്ട്. പരാതി സ്വീകരിക്കുന്നതിന് 23 കൗണ്ടറുകൾ ഉണ്ട്. വൈകിട്ട് 3 മുതൽ പരാതി സ്വീകരിക്കുന്ന കൗണ്ടറുകളുടെ പ്രവർത്തനം തുടങ്ങും.

250 കോടി വരെ മതിപ്പ് ചെലവു കണക്കാക്കുന്ന ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് മുതൽ താഴേക്കോട് ആദിവാസി കോളനികളിൽ ആധാർ കാർഡില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷനും വിധവ പെൻഷനും തഴയപ്പെട്ട ആദിവാസി വനിതകളുടെ സങ്കടങ്ങൾ വരെയുണ്ട് ഈ പട്ടികയിൽ.

നാലു നിലകളിൽ കോടികൾ മുടക്കി പെരിന്തൽമണ്ണയിൽ നിർമിച്ച മിനി സിവിൽ സ്റ്റേഷനുണ്ടായിട്ടും ഇപ്പോഴും ഏതാനും സർക്കാർ ഓഫിസുകൾ വാടക കെട്ടിടങ്ങളിലാണ്. പെരിന്തൽമണ്ണ സബ് ട്രഷറിക്ക് നേരത്തെ പത്തുസെൻ്റ് ഭൂമി കണ്ടെത്തി കെട്ടിടത്തിന് പ്ലാൻ തയാറാക്കി നടപടികൾ പൂർത്തിയായ ഘട്ടത്തിലാണ് ബസ് സ്റ്റാൻഡി‌ലേക്ക് റോഡ് നിർമിച്ച് ഈ ഭൂമിയുടെ നല്ലൊരു ഭാഗം കവർന്നത്.

ഇനിയതിൽ നിർദ്ദിഷ്‌ട മാതൃകയിൽ കെട്ടിടം നിർമിക്കാനാവില്ല. ട്രഷറി പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റുന്നത് അവസാന ഒരുക്കത്തിലാണ്. ഇറിഗേഷൻ മേജർ വിഭാഗവും മൈനർ വിഭാഗവും ഇത്തരത്തിൽ പഴയ കെട്ടിടത്തിലാണ്.

താഴേക്കോട്, പുലാമന്തോൾ ആലിപ്പറമ്പ്, ഏലംകുളം, വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകളാണ് പെരിന്തൽമണ്ണ നഗരസഭക്ക് പുറമെ മണ്ഡലത്തിൽ. മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് സൗകര്യം വർധിപ്പിക്കലാണ് ഒരാവശ്യം. താഴേക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് വില്ലേജിൽ പ്രൈമറി പഠനം കഴിഞ്ഞാൽ ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് മേഖലയിൽ സൗകര്യമില്ലാത്ത വിഷയമുണ്ട്.

ഏലംകുളം പഞ്ചായത്തിൽ പതിറ്റാണ്ടുകളായി ഉയരുന്നതാണ് മാട്ടായ പറയുംതുരുത്ത് പാലം. കുന്തിപ്പുഴക്ക് കുറുകെ കുലുക്കല്ലൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ്. ഇപ്പോഴും യാഥാർഥ്യമായിട്ടില്ല പുലാമന്തോൾ പഞ്ചായത്തിൽ പാട ശേഖരങ്ങൾ കൂടുതലുള്ളതിനാൽ നിലവിലെ ഇറിഗേഷൻ പദ്ധതി വിപുലപ്പെടുത്തി വേനലിലും കർഷകർക്ക് വെള്ളം ലഭ്യമാക്കുന്നതിന് ആവശ്യം ഉയർന്നിട്ടുണ്ട്. കൃഷി, ഇറിഗേഷൻ വകുപ്പുകളുടെ ശ്രദ്ധയിൽ വരേണ്ടതാണ് വിഷയം. വെട്ടത്തൂരിൽ പൂങ്കവനം ഡാമിനു വേണ്ടി ഇറിഗേഷൻ വർഷങ്ങൾ മുമ്പി ഏറ്റെടുത്ത ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വെട്ടത്തൂർ പഞ്ചായത്ത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *