
Perinthalmanna Radio
Date: 30-11-2025
വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കി.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14-നാണ് പുറത്തുവിടുക.
പൂരിപ്പിച്ച എന്യൂമറേഷൻ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികൾ പറഞ്ഞിരുന്നു.
അർഹരായ പലരും വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവർ സമയം നീട്ടണമെന്ന ആവശ്യം ആവർത്തിച്ചു. 99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ(സിഇഒ) രത്തൻ യു. കേൽക്കർ മറുപടി നൽകി. ബാക്കിയുള്ളവയും പൂരിപ്പിച്ച് ഉടൻ തിരികെക്കിട്ടും. ശനിയാഴ്ചവരെ ഡിജിറ്റൈസ് ചെയ്തത് 75.35 ശതമാനമാണ്. ഡിജിറ്റൈസ് ചെയ്യാൻ പ്രയാസമുണ്ടെങ്കിൽ കമ്മിഷൻ സഹായിക്കുമെന്നും ഫോം നൽകാൻ നാലുവരെ കാത്തിരിക്കരുതെന്നും സിഇഒ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
