പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയ്യാറായി

Share to

Perinthalmanna Radio
Date: 30-12-2023

പെരിന്തൽമണ്ണ : ഗവ. ജില്ലാ ആശുപത്രിയുടെ വികസനത്തിന് ഏറെക്കാലമായുള്ള ആവശ്യമായ മാസ്റ്റർ പ്ലാൻ ഒടുവിൽ പൂർത്തിയായി.

ജില്ലാ പഞ്ചായത്ത് അനുവദിച്ച 26 ലക്ഷം രൂപ ചെലവിൽ സർക്കാർ അംഗീകൃത ഏജൻസിയായ കെൽ ആണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. പഴയ ബ്ലോക്കിനെ പൂർണമായും ഉപയോഗപ്പെടുത്തുംവിധം അഞ്ച് നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് വിഭാവനം ചെയ്യുന്നത്.

106.78 കോടി രൂപ ചെലവ് കണക്കാക്കുന്നതാണ് മാസ്റ്റർ പ്ലാൻ. ഇതിൽ 19.31 കോടി മെഡിക്കൽ ഉപകരണങ്ങൾക്കാണ്. ഏതുതരം ഫണ്ട് വന്നാലും ഇനിമുതൽ മാസ്റ്റർ പ്ലാൻ പ്രകാരമാണ് ആശുപത്രിയുടെ വികസനം നടത്തുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പത്രസമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർ പ്ലാൻ എൻ.എച്ച്.എമ്മിനും ജില്ലാ മെഡിക്കൽ ഓഫീസർ വഴി ആരോഗ്യവകുപ്പ് ഡയറക്ടർക്കും സമർപ്പിച്ച് പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് ശ്രമമെന്ന് അവർ പറഞ്ഞു.

മാസ്റ്റർ പ്ലാനിൽ വിവിധ നിലകളിൽ വിഭാവനം ചെയ്തിരിക്കുന്നത് ഇവ

▪️ബേസ്‌മെന്റ്

കാറുകൾക്ക് പാർക്കിങ്. മൂന്നു ഗോവണികളും അഞ്ച് ലിഫ്റ്റുകളുമുണ്ട്. ഇതിൽ നാലെണ്ണം ബെഡ് ലിഫ്റ്റും ഒന്ന് ജീവനക്കാർക്കുമാണ്.

▪️ഗ്രൗണ്ട് ഫ്ളോർ

ഫാർമസി, ആധുനിക ലബോറട്ടറി, റേഡിയോളജി വിഭാഗം, റിസപ്ഷൻ, കൂടാതെ 150 ആളുകൾക്ക് നിൽക്കാനാവുന്ന കാത്തിരിപ്പുസ്ഥലം.

▪️ഒന്നാം നില

130 കിടക്കകൾക്കുള്ള വാർഡുകൾ. നേത്രവിഭാഗം (10 കിടക്കകൾ), പുരുഷ മെഡിക്കൽ വാർഡ് (30), വനിതാ മെഡിക്കൽ വാർഡ് (30), വനിതാ സർജിക്കൽ വാർഡ് (30), പുരുഷ സർജിക്കൽ വാർഡ് (30) എന്നിങ്ങനെയാണിത്. കൂടാതെ ശൗചാലയസൗകര്യങ്ങളും കാത്തിരിപ്പുസ്ഥവും.

▪️രണ്ടാം നില

സ്ത്രീകൾക്കും പുരുഷന്മാർക്കും 15 വീതം കിടക്കകളിടാവുന്ന പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ. എട്ട് ഓപ്പറേഷൻ തിയേറ്ററുകൾ. സെപ്റ്റിക് (ഒന്ന്), സർജിക്കൽ (രണ്ട്), ഇൻ.എൻ.ടി. (ഒന്ന്), നേത്രരോഗവിഭാഗം (രണ്ട്), എല്ലുരോഗവിഭാഗം (രണ്ട്) എന്നിങ്ങനെയാണ് ഓപ്പറേഷൻ തിയേറ്ററുകൾ. കൂടാതെ അണുവിമുക്തമേഖലയും അല്ലാത്തതുമായും വേർതിരിച്ച് അണുബാധ തടയാനുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്.

▪️മൂന്നാം നില

പത്ത് പുരുഷ ഐസോലേഷൻ വാർഡ്, നാല് വനിതാ ഐസൊലേഷൻ വാർഡ്, കൂട്ടിരിപ്പുകാർക്കുള്ള മുറി, സ്റ്റാഫ് സിക്ക് റൂം എന്നിവയുണ്ട്. എമർജൻസി, സർജിക്കൽ, മെഡിക്കൽ ഐ.സി.യു.കളും എച്ച്.ഡി.യു.വും അടങ്ങുന്ന ഐ.സി.യു. കോംപ്ലക്‌സ്.

കൂടാതെ നേത്രവിഭാഗം വാർഡിലേക്ക് വിവിധ വിഭാഗങ്ങൾക്കായി 50 കിടക്കകളിടാവുന്ന സൗകര്യമുണ്ട്. ലോൺട്രി, എ.എച്ച്.യു. തുടങ്ങിയ സൗകര്യങ്ങൾ ടെറസ്സിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *