
Perinthalmanna Radio
Date: 30-12-2023
പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ പാതയിൽ ട്രെയിനിന് കല്ലെറിഞ്ഞതായുള്ള സംശയത്തിൽ ആർപിഎഫ് അന്വേഷണം. കഴിഞ്ഞ 25 ന് വൈകിട്ട് ഷൊർണൂരിൽനിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എൻജിൻ ഭാഗത്തേക്ക് കല്ല് വന്നുവീണതായാണ് സംശയം. തന്റെ തൊട്ടടുത്ത് എന്തോ ശക്തമായി വന്നുവീണ ശബ്‌ദമാണ് ലോക്കോ പൈലറ്റ് കേട്ടത്.. അങ്ങാടിപ്പുറത്തിനടുത്ത് ചാത്തനല്ലൂർ കമ്പനിക്കുഴി റെയിൽവേ കട്ടിങ്ങിന് സമീപമായിരുന്നു സംഭവം.
ലോക്കോ പൈലറ്റ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. ട്രെയിനിലും എന്തെങ്കിലും വന്നുവീണതിന്റെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. പ്രദേശത്തെത്തി വീട്ടുകാരിൽനിന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയിരുന്നു.
സംശയം മാത്രമായതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും ആർപിഎഫ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, റെയിൽവേ പാളം കടന്നു പോകുന്ന അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആർപിഎഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്നു. കല്ലെറിഞ്ഞതായി കണ്ടെത്തിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആർപിഎഫ് ഷൊർണൂർ ഇൻസ്‌പെക്‌ടർ ക്ലാരി വത്സ, നിലമ്പൂർ എഎസ്ഐ മോഹനകൃഷ്‌ണൻ, എം.ജി.രാജഗോപാൽ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വാർഡംഗങ്ങളായ പി.പി.ശിഹാബ്, കെ.ടി.നാരായണൻ, രത്നകുമാരി, ഖദീജ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ തുടർച്ചയായി വാർഡ് ഗ്രൂപ്പുകളിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
