അഞ്ചുലക്ഷം ആർ.സി അപേക്ഷകളിൽ തീരുമാനമെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

Share to

Perinthalmanna Radio
Date: 30-12-2024

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനുള്ള (ആർ.സി.) അഞ്ചു ലക്ഷം അപേക്ഷ തീർപ്പാക്കാതെ മോട്ടോർവാഹന വകുപ്പ് വാഹന ഉടമകളെ വലയ്ക്കുന്നു. രേഖ കിട്ടാത്തതിനെക്കാളേറെ തുടർ സേവനം തടസ്സപ്പെടുന്നതാണ് ഏറെ ബുദ്ധിമുട്ട്. ആർ.സി. അച്ചടിക്കാത്തിടത്തോളം മോട്ടോർ വാഹനവകുപ്പിന്റെ ‘വാഹൻ’ സോഫ്റ്റ് വെയറിൽ അപേക്ഷ അപൂർണമായിരിക്കും. പുതിയ അപേക്ഷ സ്വീകരിക്കില്ല.

രജിസ്ട്രേഷൻ, ഫിറ്റ്നസ്, പെർമിറ്റ് എന്നിവ പുതുക്കാനും വായ്പ സംബന്ധമായ സേവനങ്ങൾക്കും (ഹൈപ്പോത്തിക്കേഷൻ) അപേക്ഷിക്കാനാകില്ല. ആദ്യ അപേക്ഷ അപൂർണമായതിനാൽ ഉടമസ്ഥാവകാശം മാറ്റാനാകാത്തത് കാരണം വാഹന വിൽപ്പനയും നടക്കില്ല. ലൈസൻസ് അച്ചടി മുടങ്ങിയപ്പോഴും ഇതേ പ്രശ്നമുണ്ടായിരുന്നു. അച്ചടിച്ചില്ലെങ്കിലും അടുത്ത അപേക്ഷ സ്വീകരിക്കാൻ പാകത്തിൽ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയാണ് പരിഹാരം കണ്ടത്.

സംസ്ഥാനത്ത് ആർ.സി. അച്ചടി നിലച്ചിട്ട് 100 ദിവസമാകുകയാണ്. അഞ്ചു ലക്ഷം അപേക്ഷകളിൽ നിന്നായി പത്തു കോടി രൂപ ഖജനാവിൽ എത്തിയിട്ടുണ്ട്. കരാർ കമ്പനിക്ക് അച്ചടിക്കൂലിയായി ഏകദേശം മൂന്നു കോടി രൂപ നൽകിയാൽ മതിയാകും. കമ്പനിക്ക് കുടിശ്ശിക വരുത്തിയതാണ് അച്ചടി മുടങ്ങാൻ കാരണം.

‘പെറ്റ് ജി’ കാർഡിലെ ആർ.സി.യും ലൈസൻസും സർക്കാരിന്റെ നേട്ടമായിട്ടാണ് അന്നത്തെ മന്ത്രി ആന്റണി രാജു അവതരിപ്പിച്ചത്. എന്നാൽ മന്ത്രി മാറിയതോടെ നയം മാറി. ഡ്രൈവിങ് ലൈസൻസ് അച്ചടി ഒഴിവാക്കി ഡിജിറ്റൽരൂപത്തിലാണ് നൽകുന്നത്. ആർ.സി.യും ഡിജിറ്റലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ചിരുന്നു. ലോറി, ടൂറിസ്റ്റ് ബസ്, ടാക്സി തുടങ്ങിയ പൊതുവാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് ആർ.സി. ആവശ്യമുള്ളതിനാൽ പൂർണമായും ഡിജിറ്റലാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *