
Perinthalmanna Radio
Date: 31-01-2024
പെരിന്തൽമണ്ണ : അലിഗഢ് സർവകലാശാല കാംപസിലേക്കും പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന അലിഗഢ്- രാമഞ്ചാടി കുടിവെള്ള പദ്ധതിയുടെ കമ്മിഷനിങ് വൈകും. മറ്റെല്ലാ പ്രവൃത്തികളും പൂർത്തിയായെങ്കിലും പെരിന്തൽമണ്ണ- ചെർപ്പുളശേരി റോഡ് ജങ്ഷനിൽ നിന്ന് കുന്തിപ്പുഴയിൽ ഏലംകുളം രാമഞ്ചാടി വരെയുള്ള ഹൈടെൻഷൻ എ.ബി.സി. വൈദ്യുതി ലൈൻ വലിക്കൽ നടക്കാത്തതാണ് കാരണം.
രാമഞ്ചാടിയിലെ പമ്പ് ഹൗസിലേക്കും അലിഗഢ് കാംപസിലെ ശുദ്ധീകരണ ശാലയിലേക്കുമാണ് വൈദ്യുതി എത്തിക്കേണ്ടത്. ഇതിനായി നേരത്തെ ജല അതോറിറ്റി ചീഫ് എൻജിനീയർക്ക് പദ്ധതി സമർപ്പിച്ച് അംഗീകാരം നേടിയിരുന്നു. ആറു കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരുന്നത്. എന്നാൽ അഞ്ചു കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം വേണമെന്ന നിബന്ധനകൊണ്ട് സാങ്കേതിക കുരുക്കിൽ ആകുകയായിരുന്നു.
സർചാർജ് ഉൾപ്പെടെ വീണ്ടും 6.22 കോടിയുടെ പദ്ധതി തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഈ അംഗീകാരം ലഭിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ അനുമതി ലഭിക്കുമെന്നും നഗരസഭാധ്യക്ഷൻ പി. ഷാജി പറഞ്ഞു.
പദ്ധതിക്കായി അലിഗഢ് കാംപസിൽ ശുദ്ധീകരണശാലയും വലിയ സംഭരണിയും പൂർത്തിയായിട്ടുണ്ട്. രാമഞ്ചാടിയിലെ കിണർ, പമ്പുഹൗസ്, ബൂസ്റ്റർ, പമ്പിങ് മെയിൻ, 47 കിലോമീറ്ററോളം വരുന്ന വിതരണശൃംഖല തുടങ്ങിയവ പൂർത്തിയായതാണ്. പാതായ്ക്കര പി.ടി.എം. കോളേജിന് സമീപവും ഏലംകുളം പെരുമ്പറമ്പിലും സംഭരണികളുണ്ട്. രാമഞ്ചാടിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് അലിഗഢ് കാംപസിലെ ശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിച്ച വെള്ളം പാതായ്ക്കരയിലെയും പെരുമ്പറമ്പിലെയും സംഭരണികളിലെത്തിക്കും. ഇവിടങ്ങളിൽ നിന്ന് സ്വാഭാവികമായി വിതരണ ലൈനിലേക്ക് ഒഴുക്കിവിടുന്നതാണ് പദ്ധതി. പ്രതിദിനം 23 ദശലക്ഷം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുക.
2017-18 സംസ്ഥാന ബജറ്റിലാണ് കിഫ്ബി ഫണ്ടിൽ പദ്ധതിക്കായി 92.50 കോടി രൂപ അനുവദിച്ചത്. പെരിന്തൽമണ്ണ നഗരസഭയുടെയും ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്പ് പഞ്ചായത്തുകളിലുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 2020 ഒക്ടോബർ ഏഴിന് ഉദ്ഘാടനം ചെയ്ത പദ്ധതി 2022 മാർച്ചിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതോടെ 2023 സെപ്‌റ്റംബറോടെ കമ്മിഷൻ ചെയ്യാനാകുമെന്നും പ്രതീക്ഷിച്ചിരുന്നു. നിലവിൽ കട്ടുപ്പാറയിൽ നിന്ന് പമ്പ് ചെയ്യുന്ന നാല് എം.എൽ.ഡി. വെള്ളമാണ് പെരിന്തൽമണ്ണ നഗരസഭയിൽ ഉപയോഗിക്കുന്നത്. ഇത് പര്യാപ്തമല്ലാത്തതിനാലാണ് സമീപ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി ബൃഹത് പദ്ധതി നടപ്പാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
