
Perinthalmanna Radio
Date: 31-01-2024
അങ്ങാടിപ്പുറം : പരിയാപുരത്ത് ടാങ്കർലോറി മറിഞ്ഞ് ഡീസൽ കലർന്ന കിണർവെള്ളത്തിന്റെ ശുദ്ധീകരണം ഫലവത്താകാത്തതിനാൽ പല കുടുംബങ്ങളും ഇപ്പോഴും പ്രതിസന്ധിയിൽ. കഴിഞ്ഞ അഞ്ചു മാസത്തിനിടയ്ക്ക് പലതവണ ശുദ്ധീകരണം നടത്തിയെങ്കിലും ഡീസലിന്റെ അംശം കുറഞ്ഞില്ല. കഴിഞ്ഞ അഞ്ചുദിവസമായി നയാര കമ്പനി ഡീസൽ കലർന്ന ആറു കിണറുകളിലും ശുദ്ധീകരണം തുടർന്നുവെങ്കിലും പ്രയോജനപ്പെട്ടില്ല.
ഉപയോഗശൂന്യമായ കിണറുകളിൽ ഡീസൽ ഇപ്പോഴും ഉറവയായി ഇറങ്ങുന്നതിനാൽ ഇവർ കുടി വെള്ളത്തിനായി കടുത്ത പ്രതിസന്ധി നേരിടുകയാണ്. വേനൽ കനക്കുന്നതിനാൽ ബദൽ സംവിധാനം ഏറെക്കാലം തുടരാൻപറ്റാത്ത അവസ്ഥയാണ്. ആശ്രയമായിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ളവിതരണവും നിലച്ചമട്ടാണ്.
ഏറ്റവും കൂടുതൽ ഡീസൽ കലർന്നത് കൊല്ലരേട്ട് മറ്റത്തിൽ ബിജുവിന്റെ വീട്ടിലെ കിണറ്റിലും തിരുഹൃദയം മഠത്തിലെ കിണറ്റിലുമാണ്. 40 അന്തേവാസികളായ കുട്ടികളും 15 കന്യാസ്ത്രീകളുമുള്ള സ്ഥാപനമാണ് തിരുഹൃദയം മഠം. ഇപ്പോൾ തൊട്ടടുത്ത ചോലയിൽ നിന്ന് അന്തേവാസികളായ കുട്ടികൾ വെള്ളം ചുമന്നു കൊണ്ടു വരുകയാണ്.
പക്ഷേ, ചോലയിലും വെള്ളം കുറഞ്ഞു തുടങ്ങി. ഇനി എത്ര ദിവസം ഈ വെള്ളം ആശ്രയിക്കാനാകുമെന്ന് പറയാൻ കഴിയില്ലെന്നാണ് മഠത്തിലെ മദർ സുപ്പീരിയർ പറയുന്നത്. തൊട്ടടുത്ത വീട്ടിൽ നിന്നാണ് ബിജു ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നത്. വേനൽ കനക്കുമ്പോൾ ആ കിണറും വറ്റാനുള്ള സാധ്യതയുണ്ട്.
ചൂടിൽ വെള്ളം താഴേക്കിറങ്ങുന്നതിനനുസരിച്ച് വെള്ളത്തിൽ കലരുന്ന ഡീസലിന്റെ അംശം കൂടി വരുകയാണ്. ഉറവയായി കലരുന്ന ഡീസലിനെ തടഞ്ഞുനിർത്താൻ ശാസ്ത്രീയ സംവിധാനവുമില്ല.
കഴിഞ്ഞവർഷം ഓഗസ്റ്റ് 20-നാണ് കൊച്ചിയിൽ നിന്ന് മലപ്പുറത്തേക്ക് ഡീസലുമായി വരുകയായിരുന്ന ടാങ്കർലോറി ചീരട്ടാമലയിൽ മുപ്പതടി താഴ്ചയിലേക്കു മറിഞ്ഞത്. രണ്ടു ദിവസത്തിന് ശേഷം കിണറ്റിൽ നിന്ന് വെള്ളമടിക്കാനായി മോട്ടോറിട്ടപ്പോൾ ബിജുവിന്റെയും മഠത്തിലെയും കിണറുകളിൽ നിന്ന് തീ ഉയർന്നപ്പോഴാണ് ഡീസൽ കലർന്നതായി അറിഞ്ഞത്.
പത്ത് മണിക്കൂറിന് ശേഷമാണ് ടാങ്കറിൽ നിന്ന് ഡീസൽ മാറ്റാനുള്ള ശ്രമം തുടങ്ങിയത്. അതിനിടയ്ക്ക് 90 ശതമാനത്തിലധികം ഡീസൽ മണ്ണിലിറങ്ങി കഴിഞ്ഞിരുന്നു. ഈ ഡീസലാണ് മഠത്തിലെയും സമീപ വീടുകളിലെയും കിണറ്റിലേക്ക് ഊർന്നിറങ്ങുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
