
Perinthalmanna Radio
Date: 31-01-2025
മാസ്ക്കിട്ടാൽ പേടിച്ചോടുന്ന, സോപ്പിട്ടാൽ മാഞ്ഞു പോവുന്ന ഒരു കുഞ്ഞു വൈറസ് ലോകത്തെ ഒന്നാകെ തലകീഴായ് മറിച്ചിട്ട ഒരു രോഗ കാലം. നാടും നഗരവും ആളനക്കമില്ലാതായിപ്പോയ ലോക്ഡൗൺ ദിനങ്ങൾ. മലയാളി യുട്യൂബ് ചാനലുകളേക്കുറിച്ചും ‘ബക്കറ്റ് ചിക്കനെ’ക്കുറിച്ചും ആഴത്തിൽ പഠിച്ച സമയം. ഒറ്റ ദിവസം കൊണ്ട് എല്ലാവരും വീടിനുള്ളിൽ അടക്കപ്പെട്ട, പുറത്തിറങ്ങുന്നവരെ കുറ്റവാളികളായി കണ്ട ദിനങ്ങൾ.
രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു- 2020 ജനുവരി 30-ന്. കേരളത്തിൽ കോവിഡ് സ്ഥീരീകരിച്ച് ഒരുവർഷത്തിനുശേഷം 2021 ഡിസംബർ ആവുമ്പോഴേക്കും സർക്കാർ കണക്കുപ്രകാരം 42579 പേരാണ് കോവിഡ് ബാധിച്ചോ അതിനെ തുടർന്നുണ്ടായ ശാരീരിക അവശതകളെ തുടർന്നോ മരിച്ചു. പിന്നീടും കൊറോണ വൈറസിന് വകഭേദങ്ങളുണ്ടായി, മരണങ്ങളും ഏറെയുണ്ടായി. ഇപ്പോഴും അത് പൂർണമായും നമ്മെ വിട്ടുപോയിട്ടുമില്ല.
ചൈനയിലെ വുഹാനിൽനിന്ന് സഞ്ചരിച്ച് ഇങ്ങ് കേരളത്തിലെത്തിയ വൈറസിനെ തൃശ്ശൂരിൽ ആദ്യമായി സ്ഥിരീകരിച്ച ദിവസമായിരുന്നു 2020 ജനുവരി 30. തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനിയിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയെത്തിയതായിരുന്നു കുട്ടി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വുഹാനിൽനിന്ന് തിരിച്ചെത്തിയ 20 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ഒരാൾക്കായിരുന്നു സ്ഥിരീകരണം. അപ്പോഴേക്കും കൊറോണ വൈറസ് ഇന്ത്യയടക്കം 19 രാജ്യങ്ങളിലേക്ക് പടർന്നിരുന്നു.
രോഗം സ്ഥിരീകരിച്ച് രണ്ട് മാസം പിന്നിടുമ്പോഴേക്കും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 500 ആയിരുന്നു. 11 പേർ മരിക്കുകയും ചെയ്തു. അങ്ങനെ 2020 മാർച്ച് 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പിന്നിലേക്ക് തള്ളപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടായിരുന്നു ലോക്ഡൗൺ പ്രഖ്യാപനം. ആരും നിരത്തിലിറങ്ങരുതെന്ന് സൂചിപ്പിക്കാൻ ‘കോയീ റോഡ് പർ നാ നികലേ’ എന്ന ബോർഡ് പിടിച്ചുകൊണ്ടായിരുന്നു ലോക്ഡൗൺ പ്രഖ്യാപനം. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയെങ്കിലും പോളിയോ വാക്സിന് ശേഷം ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പുകൾക്കും പിന്നീട് ലോകം സാക്ഷിയായി.
അഞ്ചുവർഷത്തിനിപ്പുറം മാസ്കും സാനിറ്റൈസറുമെല്ലാം നമ്മൾ ഉപേക്ഷിച്ചെങ്കിലും 2024-ൽ മാത്രം ഏറ്റവും കൂടുതൽ കോവിഡ് മരണം കേരളത്തിലാണുണ്ടായിരിക്കുന്നതെന്ന റിപ്പോർട്ടാണ് നമുക്ക് മുൻപിലുള്ളത്. കേരളത്തിൽ കഴിഞ്ഞവർഷം 5597 പേർക്ക് കോവിഡ് ബാധിച്ചുവെന്നും 66 പേർ മരിച്ചെന്നുമാണ് കേന്ദ്രത്തിന്റെ കണക്ക്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
