സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും

Share to

Perinthalmanna Radio
Date: 31-05-2025

പുതിയ അധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ‌/എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങൾ.

യുപി ക്ലാസുകളിൽ തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 2 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എൽപി ക്ലാസുകളിൽ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എൽപി ക്ലാസുകളിൽ പ്രതിവർഷം 800 മണിക്കൂർ ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങൾ മതിയാകും. ഹൈസ്കൂളുകളിൽ 1200 മണിക്കൂർ പഠന സമയം നിർദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾക്കൊപ്പം ദിവസവും അര മണിക്കൂർ കൂട്ടുന്നത്. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര വർധന മേൽനോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം.

സ്കൂൾ അക്കാദമിക് കലണ്ടർ പരിഷ്കരണം സംബന്ധിച്ച് പഠിച്ച സമിതി ഒരു ക്ലാസുകളിലും ശനിയാഴ്ചകളിൽ ക്ലാസ് വേണ്ടെന്നും ഹൈസ്കൂളുകളിൽ മാത്രം ദിവസവും ഒരു മണിക്കൂർ വീതം പ്രവൃത്തി സമയം കൂട്ടാനുമാണ് നിർദേശിച്ചിരുന്നത്.

അതേസമയം ഹൈസ്കൂൾ പ്രവൃത്തി സമയം ദീർഘിപ്പിക്കുന്നത് ഹൈസ്കൂളും യുപി സ്കൂളും ഒരുമിച്ചുളളയിടങ്ങളിൽ സ്കൂൾ വാഹനങ്ങൾ ക്രമീകരിക്കുന്നതിലുൾപ്പെടെ പ്രായോഗിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറിയിൽ നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ 4.45 വരെയാണ് ക്ലാസ്. നിർദേശിക്കുന്ന പഠന സമയം ഇതിനുള്ളിൽ തന്നെ ലഭിക്കുന്നുണ്ട്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *