പുതുക്കിപ്പണിത സംസ്ഥാനപാത ആഴ്ചകൾക്കുള്ളിൽ തകർന്നു

Share to

Perinthalmanna Radio
Date: 31-05-2025

മേലാറ്റൂർ : വർഷങ്ങളായി തുടരുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. പുതുക്കിപ്പണിത സംസ്ഥാനപാത ആഴ്ചകൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റിനു സമീപത്താണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടത്. അഞ്ചു വർഷത്തോളമായി നടന്ന പാതയുടെ നവീകരണം ഏറെ പ്രതിഷേധങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കുമൊടുവിൽ ഏപ്രിൽ ആദ്യ വാരത്തോടെയാണ് പൂർത്തിയായത്.

എന്നാൽ വാഹനങ്ങൾ ഓടി പുതുക്കം മാറും മുൻപേ റോഡിന്റെ പല ഭാഗങ്ങളും ടാറിളകി പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടുതുടങ്ങി. റോഡ് നവീകരണം നടക്കുമ്പോൾതന്നെ അത് കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള പണിയാണെന്നതടമുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അത് ശരിവെയ്ക്കുന്ന അവസ്ഥതന്നെയാണ് ഇപ്പോൾ ഉണ്ടായതും.

കുഴികൾ രൂപപ്പെട്ടതോടെ യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. കനത്ത മഴയിൽ കുഴികളിൽ വെള്ളം നിറയുന്നതോടെ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഇത് അപകടങ്ങൾക്കും കാരണമായിക്കൊണ്ടിരിക്കുകയാണ്.

മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും വിദ്യാർഥികളെ കയറ്റിപ്പോകുന്ന നിരവധി സ്‌കൂൾ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും സഞ്ചരിക്കുന്ന പാതയാണ് തകർന്നു കൊണ്ടിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡ് ആഴ്ചകൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞതോടെ ജനരോഷം ശക്തമായിരിക്കുകയാണ്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *