
Perinthalmanna Radio
Date: 31-07-2025
പെരിന്തൽമണ്ണ : ഏറെക്കാലം തൊണ്ടിവാഹനങ്ങൾ നിറഞ്ഞ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാരരംഗമായി മാറിയ പൊലീസ് സ്‌റ്റേഷൻ–കോടതി റോഡ് നഗരത്തിന്റെ മനോഹര മുഖമായി ഇന്നലെ തുറന്നു.
ആധുനിക രീതിയിൽ വീതികൂട്ടി വികസിപ്പിച്ച് പൂട്ടുകട്ട പതിച്ച് മനോഹരമാക്കിയ റോഡിന് ഡിപ്ലോമാറ്റിക് റോഡ് എന്നാണ് പുതിയ പേര്. നഗരസഭാധ്യക്ഷൻ പി.ഷാജി റോഡ് ഉദ്ഘാടനം ചെയ്‌തു.
തൊണ്ടിവാഹനങ്ങൾ കുന്നുകൂടി വർഷങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന പ്രദേശമുൾപ്പെടുന്ന റോഡ് 49 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നവീകരിച്ചത്.
പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയെയും കോഴിക്കോട്–പാലക്കാട് ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന റോഡ് പട്ടാമ്പി റോഡിലും മണ്ണാർക്കാട് റോഡിലും പ്രധാന ജംക്‌ഷനിലും ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ആശ്വാസമാകും.
വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാർ, സബ് കലക്ടർ അപൂർവ ത്രിപാഠി, ഡിവൈഎസ്‌പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, പി.ടി.എസ്.മൂസു, കെ.സുബ്രഹ്മണ്യൻ, ഗൾഫോൺ സലാം, ഹെൽത്ത് ഇൻസ്‌പെക്ടർ റഫീഖ്, പിഎച്ച്ഐമാരായ ടി.രാജീവൻ, ഡീനു, ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
