അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷന് കൂടുതൽ ഫണ്ട് ലഭ്യമാക്കുമെന്ന് എഡിആർഎം

Share to


Perinthalmanna Radio
Date: 31-10-2025

പെരിന്തൽമണ്ണ : ട്രെയിൻ യാത്രക്കാരുമായി സംവദിച്ച് റെയിൽവേയുടെ അമൃതസംവാദം. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നടന്ന അമൃതസംവാദത്തിൽ യാത്രക്കാർ ആവശ്യങ്ങളുടെ കെട്ടഴിച്ചു. പാലക്കാട് റെയിൽവേ എഡിആർഎം (അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ) എം.എസ്.ജയകൃഷ്‌ണൻ, റെയിൽവേ അസി.ഡിവിഷനൽ എൻവയൺമെന്റ് ആൻഡ് ഹൗസ് കീപ്പിങ് മാനേജർ നക്കാ ശ്രീനിവാസ് എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. അമൃത് ഭാരത് സ്‌റ്റേഷൻ നവീകരണ പദ്ധതിയിൽ അങ്ങാടിപ്പുറത്ത് അവശേഷിക്കുന്ന പ്രവൃത്തികൾക്കുകൂടി ഫണ്ട് ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് സംവാദം നയിച്ച എഡിആർഎം എം.എസ്.ജയകൃഷ്‌ണൻ പറഞ്ഞു.

യാത്രക്കാർ സംവാദത്തിൽ ഉന്നയിച്ച വിവിധ കാര്യങ്ങളിൽ അനുഭാവപൂർവമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറമേ നിന്നെത്തുന്ന ഓട്ടോറിക്ഷകളെക്കുറിച്ചായിരുന്നു ഓട്ടോ തൊഴിലാളികളുടെ പരാതി. റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ചു തന്നെ 82 ഓട്ടോറിക്ഷകളുണ്ട്. ഇതിനു പുറമേയാണ് പുറത്തുനിന്നെത്തുന്ന ഓട്ടോറിക്ഷകൾ. ദീർഘദൂര യാത്രക്കാരെയെല്ലാം ഈ ഓട്ടോറിക്ഷകൾ കയറ്റിക്കൊണ്ടു പോകുന്ന സാഹചര്യമുണ്ട്. ഇതു നിയന്ത്രിക്കണമെന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ ആവശ്യം.

റെയിൽവേ വികസനത്തിന്റെ പേരിൽ ലോറിത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഉണ്ടാകരുതെന്നായിരുന്നു, എഫ്‌സിഐ ഗോഡൗണിലേക്കുള്ള ചരക്കുലോറി തൊഴിലാളികളുടെ ആവശ്യം.

പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തുന്നതിനുള്ള റോഡ് പാടേ തകർന്ന നിലയിലാണെന്ന് ഒരു യാത്രക്കാരൻ പരാതിപ്പെട്ടു. തെരുവുനായ്‌ക്കളുടെ ശല്യം പരിഹരിക്കണമെന്ന ആവശ്യവും ഉയർന്നു. ക്രോസിങ് സ്‌റ്റേഷന്റെ നിർമാണം ന‌ടക്കുന്ന കുലുക്കല്ലൂരിൽ പരിസരവാസികൾ യാത്രാസൗകര്യത്തിന് ഏറെ ബുദ്ധിമുട്ടുന്നതായി പരാതിയുണ്ടായി.

ഷൊർണൂരിൽ പ്രീമിയം പാർക്കിങ്ങിന് കാറിന് 700 രൂപ പാർക്കിങ് ഫീസ് ഈടാക്കുന്നതായി ബിജെപി ജില്ലാ ജന.സെക്രട്ടറി ബി.രതീഷ് സംവാദത്തിൽ പരാതി ഉന്നയിച്ചു. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ ഡോർമിറ്ററി സൗകര്യം ഒരുക്കണമെന്നും ഫീഡിങ് റൂം വേണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിലെ വീടുകളിലേക്ക് വഴിയില്ലാത്ത പ്രയാസവും പരാതിയായെത്തി. യാത്രക്കാർക്കും നാട്ടുകാർക്കും പുറമേ ചില വിദ്യാർഥികളും സംവാദത്തിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *