കുറ്റാന്വേഷണമികവിൽ പെരിന്തൽമണ്ണ പോലീസ് ഡാൻസാഫ് സംഘം

Share to

Perinthalmanna Radio
Date: 31-12-2023

പെരിന്തൽമണ്ണ : ലഹരിക്കടത്ത് അടക്കമുള്ള ഭീഷണികൾക്കു തടയിട്ട് പെരിന്തൽമണ്ണ പോലീസ് ഡാൻസാഫ് സംഘം. 2023-ൽ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽനിന്നായി 293 കിലോഗ്രാം കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. 203 ഗ്രാം രാസലഹരി അടക്കമുള്ള മയക്കുമരുന്നും പിടിച്ചെടുത്തു. ലഹരിക്കടത്ത് കേസുകളിൽ മാത്രമായി 25 പ്രതികളെ അറസ്റ്റു ചെയ്യുന്നതിനും സാധിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പെരിന്തൽമണ്ണയിലെ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) പ്രവർത്തനം. ജില്ലയിൽ തിരൂരിലും കൊണ്ടോട്ടിയിലുമാണ് ഇതുകൂടാതെ സംഘങ്ങളുള്ളത്.

തീവണ്ടിയിൽ എയർ കൂളറിനുള്ളിലും കാറുകളിൽ ഒളിപ്പിച്ചും കടത്തിയ കഞ്ചാവു ശേഖരം പെരിന്തൽമണ്ണയിൽ നിന്നും കുറ്റിപ്പുറത്തു നിന്നും പിടികൂടി. കൊളത്തൂരിൽ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തിയ ഒരു ക്വിന്റൽ ചന്ദനം, അങ്ങാടിപ്പുറത്ത് വാടക ക്വാർട്ടേഴ്‌സിൽനിന്ന് അനധികൃത സ്‌ഫോടകവസ്തുശേഖരം, വിൽപ്പനയ്ക്കു കൊണ്ടുവന്ന ഇരുതലമൂരി, വണ്ടൂരിൽ മാൻകൊമ്പുകൾ തുടങ്ങിയ വിവിധ കേസുകൾ പിടികൂടാനും ഡാൻസാഫിന്റെ സഹായമുണ്ടായിരുന്നു.

പശ്ചിമ ബംഗാളിൽ നിന്നെത്തി മലപ്പുറം, പാലക്കാട് ജില്ലകളിലായി ഇരുപത്തഞ്ചോളം ഭവനഭേദനം നടത്തിയ കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി നൗഫലിനെ കണ്ടെത്തി പിടികൂടിയതും പതിനഞ്ചോളം ആഡംബര ബൈക്കുകൾ മോഷ്ടിച്ച സംഘത്തെ പിടികൂടിയതും പെരിന്തൽമണ്ണയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 15 ലക്ഷം കവർന്ന കേസിലെ സംഘത്തെ പിടികൂടിയതും പെരിന്തൽമണ്ണ ഡാൻസാഫ് സംഘത്തിന്റെകൂടി കുറ്റാന്വേഷണ മികവിലായിരുന്നു.

എടവണ്ണയിലെ റിഥാൻ ബാസിൽ കൊലപാതകം, തുവ്വൂർ സുജിത കൊലപാതകം, തിരൂരിൽ വ്യാപാരിയെ ഹോട്ടൽമുറിയിൽ കൊലപ്പെടുത്തിയ കേസ് തുടങ്ങിയവയുടെയും അന്വേഷണത്തിലും പെരിന്തൽമണ്ണ സംഘമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറാണ് ഡാൻസാഫ് സംഘത്തിന് നേതൃത്വം നൽകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *