
Perinthalmanna Radio
Date: 31-12-2024
പെരിന്തൽമണ്ണ: ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം രേഖപ്പെടുത്തി കൊണ്ടുള്ള റെയിൽവേ ടൈംടേബിൾ നാളെ പ്രാബല്യത്തിൽ വരും. ഒന്നര വർഷത്തിനു ശേഷമാണ് റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത്. ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലെ ട്രെയിനുകളുടെ സമയക്രമം റെയിൽവേയുടെ അംഗീകൃത സംവിധാനമായ നാഷനൽ ട്രെയിൻ എൻക്വയറി സിസ്‌റ്റം (എൻടിഇഎസ്) ആപ്പിൽ ദിവസങ്ങൾക്കു മുൻപുതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാതയിലെ പാസഞ്ചർ ട്രെയിനുകളുടെ നമ്പറുകളിലും നാളെ മുതൽ മാറ്റം വരുത്തിയിട്ടുണ്ട്. എൻടിഇഎസ് ആപ്പിൽ പുതിയ നമ്പറുകൾക്കൊപ്പമാണ് പുതിയ സമയം രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് കാലത്തു സ്‌പെഷൽ ട്രെയിനുകളാക്കിയപ്പോൾ നമ്പർ മാറ്റിയിരുന്നു. ഇതാണു വീണ്ടും റഗുലർ ട്രെയിനുകളുടെ നമ്പറുകളിലേക്കു മാറുന്നത്.
രാവിലെ ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കെത്തുന്ന രാജ്യറാണി എക്സ്‌പ്രസ് ട്രെയിനിന്റെയും കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് ട്രെയിനിന്റെയും കാര്യത്തിൽ സമയമാറ്റം രേഖപ്പെടുത്തിയിട്ടില്ല. പാലക്കാട്–നിലമ്പൂർ ട്രെയിൻ 7.05ന് ഷൊർണൂരിൽനിന്നു പുറപ്പെട്ട് 8.45ന് നിലമ്പൂരിലെത്തും. മുൻപ് 8.50നാണ് എത്തിയിരുന്നത്. 2.05നുള്ള ഷൊർണൂർ നിലമ്പൂർ ട്രെയിൻ 2.20നാണ് ഷൊർണൂരിൽ നിന്നെടുക്കുക. ഇത് 3.50നാണ് നിലമ്പൂരിലെത്തുക. കോയമ്പത്തൂരിൽനിന്നുള്ള മെമു സർവീസിന് കണക്‌ഷൻ കിട്ടാൻ ഇതുവഴി സാധ്യതയുണ്ട്. രാത്രി 8.10ന് ഷൊർണൂരിൽ നിന്നുള്ള ട്രെയിൻ പുറപ്പെടുന്ന സമയം 5 മിനിറ്റ് ദീർഘിപ്പിച്ച് 8.15ന് ആക്കി. ഇതുവഴി എക്‌സിക്യൂട്ടീവിനു കണക്‌ഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയേറി.
വൈകിട്ട് 5.55ന് ഷൊർണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ 6ന് ആക്കി. 5 മിനിറ്റ് സമയം ദീർഘിപ്പിച്ചതോടെ മെമു സർവീസിനു വന്ന് വള്ളത്തോൾ നഗറിൽ ഇറങ്ങി ബസ് കയറി ഷൊർണൂരിലെത്തുന്നവർക്ക് ഉപകാരപ്പെടും. നിലമ്പൂരിൽനിന്ന് രാവിലെ 5.30നുള്ള ട്രെയിൻ 7.10ന് ഷൊർണൂരിലെത്തിയിരുന്നത് 7.05 ആക്കി. പാതയിൽ വേഗം വർധിപ്പിച്ചതു കൊണ്ടാണ് ഈ മാറ്റം. 9.55ന് നിലമ്പൂരിൽനിന്നു പുറപ്പെട്ടിരുന്ന ട്രെയിൻ 10.10ന് ആക്കിയതു ദുരിതമായി. ഈ സമയം പിന്നോട്ടാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ജോലിക്കാർക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കുമൊന്നും ഒരു വിധത്തിലും സമയമാറ്റം ഉപകാരപ്രദമല്ല. മുൻപ് ഈ ട്രെയിൻ 9.40ന് പുറപ്പെട്ട് ഷൊർണൂരിൽ പരശുറാം എക്സ്പ്രസിന് കണക്‌ഷൻ ലഭിച്ചിരുന്നു. നിലമ്പൂരിൽനിന്ന് രാത്രി 8ന് പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം 8.05 ആക്കി.
അതിൽ 5 മിനിറ്റ് മുന്നോട്ടാക്കിയത് ഉപദ്രവകരമായി. എന്നാൽ ഷൊർണൂരിൽ നിന്നുള്ള രാത്രികാല ട്രെയിനിന്റെ സമയം 8.15 ആക്കിയതിന് അനുസൃതമായാണ് ഈ സമയമാറ്റം. രാവിലെ 7ന് ഷൊർണൂരിൽ പുറപ്പെടുന്ന ട്രെയിനിനു പഴയ സമയം തന്നെ. ഇത് നേരത്തേയാക്കിയിരുന്നെങ്കിൽ കോയമ്പത്തൂരിലേക്ക് 8.20ന് പോകുന്ന ട്രെയിനിന് കണക്‌ഷൻ നൽകാമായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
