
Perinthalmanna Radio
Date: 03-12-2023
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കാത്തതടക്കമുള്ള പ്രശ്‌നങ്ങൾ ചൂടേറിയ ചർച്ചയായി പെരിന്തൽമണ്ണ താലൂക്ക് വികസനസമിതി യോഗം. സമിതിയംഗവും ആശുപത്രി പരിപാലനസമിതിയംഗവുമായ ഹംസ പാലൂരാണ് വിഷയം ഉന്നയിച്ചത്. സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്നും ആശുപത്രിയിലെ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലെ ദുരിതങ്ങൾ വ്യക്തമാക്കി പത്രങ്ങളിൽ അടുത്തിടെ വന്ന പരമ്പരകൾ അദ്ദേഹം ഉയർത്തിക്കാട്ടി. പത്രങ്ങളിൽ വന്നതെല്ലാം ആശുപത്രിയിലെ യഥാർഥ പ്രശ്‌നങ്ങളാണ്. ഇക്കാര്യത്തിൽ താലൂക്ക് വികസനസമിതികൂടി ശക്തമായി ഇടപെടണം. നിലവിലുള്ള ജീവനക്കാരെവെച്ച് നല്ലരീതിയിൽ ആശുപത്രി നടത്താൻ താലൂക്ക് സമിതി മുൻകൈയടുക്കണം. താലൂക്ക് സമിതിയുടെ പ്രതിനിധിസംഘം ആശുപത്രി സന്ദർശിച്ച് പ്രശ്‌നങ്ങൾ കൂടുതൽ മനസ്സിലാക്കണമെന്നും ഹംസ പാലൂർ ആവശ്യപ്പെട്ടു.
ഇതോടെ സൂപ്രണ്ട് നിയമനമടക്കമുള്ളവയിൽ പരിഹാരമുണ്ടാകുമെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആശുപത്രിയുടെ ഭരണം ജില്ലാപഞ്ചായത്തിനാണെന്നും അംഗം എൻ.പി. ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. എന്നാൽ ആശുപത്രിയോട് സംസ്ഥാന സർക്കാർ രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്നും ജില്ലാപഞ്ചായത്തല്ല സൂപ്രണ്ടിനെ നിയമിക്കേണ്ടതെന്നും വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ പറഞ്ഞു. ചർച്ച ചൂടായതോടെ അധ്യക്ഷനായിരുന്ന മങ്കട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു. സൂപ്രണ്ടിനെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും പ്രശ്‌നത്തിൽ വികസനസമിതിക്ക് സാധ്യമായരീതിയിൽ ഇടപെടാമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും പങ്കെടുക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്ന് അംഗം കൃഷ്ണദാസ് ആൽപ്പാറ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
