
Perinthalmanna Radio
Date: 05-12-2023
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലുമാസംമാത്രം ശേഷിക്കെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി വികസനപദ്ധതികള്‍ താളംതെറ്റുന്നു. ഇതു വരെയുള്ള കണക്കില്‍ 38,629.19 കോടി രൂപയുടെ പദ്ധതി വിഹിതത്തില്‍ 40.36 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. പ്രതിസന്ധി മൂര്‍ച്ഛിച്ചതിനാല്‍ ബജറ്റില്‍ വകയിരുത്തിയതില്‍ പകുതി പോലും ചെലവഴിക്കാനായിട്ടില്ല.
കേന്ദ്ര വായ്പയ്ക്കുള്ള സാധ്യത അടഞ്ഞതോടെ, പദ്ധതി നിര്‍വഹണം എങ്ങനെ പൂര്‍ത്തിയാക്കുമെന്നതാണ് സര്‍ക്കാരിനു മുന്നിലെ വെല്ലുവിളി. ചെലവുചുരുക്കലിന്റെ ഭാഗമായി, അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതിനാല്‍ പിന്നീട്, ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നു നിര്‍ദേശം നല്‍കി. ബാക്കിയുള്ളവ ട്രഷറി ക്യൂവിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭവന രഹിതര്‍ക്ക് വീടു നിര്‍മിച്ചുനല്‍കുന്ന ലൈഫാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന ബൃഹദ്പദ്ധതി. ഗ്രാമങ്ങളിലെ പാര്‍പ്പിടനിര്‍മാണത്തിന് 525 കോടി രൂപയും നഗരങ്ങളിലേക്ക് 192 കോടി രൂപയും ഉള്‍പ്പെടെ 717 കോടി രൂപയാണ് ഈ വര്‍ഷം ചെലവഴിക്കാന്‍ ബജറ്റില്‍ വകയിരുത്തിയത്. ഇതുവരെയുള്ള കണക്കില്‍ 2.69 ശതമാനം തുകയേ ചെലവഴിച്ചിട്ടുള്ളൂ.
പ്രളയത്തിനുശേഷം പാലവും റോഡുകളുമൊക്കെ നിര്‍മിക്കാനുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് 904.83 കോടി രൂപ വകയിരുത്തി. ഇതുവരെ ചെലവഴിച്ചത് 15.37 ശതമാനംമാത്രം. സാമൂഹികസുരക്ഷാപദ്ധതികള്‍ക്ക് 152.33 കോടി നീക്കിവെച്ചതില്‍ 33.67 ശതമാനമാണ് ചെലവഴിച്ചത്. വയോമിത്രം പദ്ധതിയില്‍ 27.5 കോടി വകയിരുത്തിയതില്‍ 39.16 ശതമാനവും ആശ്വാസകിരണത്തില്‍ 54 കോടി നീക്കിവെച്ചതില്‍ 27.76 ശതമാനവും മാത്രം ചെലവഴിച്ചെന്നാണ് കണക്കുകള്‍.
തനതു നികുതി വരുമാനം കൂടിയെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി തീര്‍ക്കാന്‍ പര്യാപ്തമല്ലെന്നതാണ് പ്രശ്നം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തെയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെയും സാമ്പത്തിക പ്രതിസന്ധി ബാധിക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന
ജി.എസ്.ടി. വിഹിതമായി മൂവായിരത്തോളം കോടി രൂപ മാത്രമേ കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിക്കാനുള്ളൂ. കെ.എസ്.എഫ്.ഇ., ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് നീക്കിയിരിപ്പിനുള്ള ക്രമീകരണമുണ്ടാക്കി പ്രശ്നം പരിഹരിക്കുകയാണ് പോംവഴി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
