അതിവേഗം പണി പുരോഗമിക്കുന്ന ആറുവരിപ്പാതയിൽ സൗകര്യങ്ങൾ ഏറെ

Share to

Perinthalmanna Radio
Date: 06-12-2023

പൊന്നാനി: കഞ്ഞിപ്പുരയിൽ ടോൾ പ്ലാസ, പൊന്നാനി ബൈപാസിൽ വിശ്രമകേന്ദ്രം, വാഹനങ്ങൾ ഒതുക്കി വിശ്രമിക്കുന്നതിന് മലപ്പുറം ജില്ലയിൽ നാലിടങ്ങൾ, ടോൾ പ്ലാസയോടു ചേർന്ന് കഞ്ഞിപ്പുരയിൽ തന്നെ മെഡിക്കൽ എയ്ഡ്പോസ്റ്റും ട്രാഫിക് എ‍യ്ഡ്പോസ്റ്റും…
ജില്ലയിൽ പരമാവധി ഇടങ്ങളിൽ അനുബന്ധ സംവിധാനങ്ങൾ ഒരുക്കാനാണ് കരാറുകാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വിശ്രമ കേന്ദ്രങ്ങളോടു ചേർന്ന് ആധുനിക ശുചിമുറി സൗകര്യങ്ങളുണ്ടാകും. 

▪️വെറും ടോൾ പ്ലാസയല്ല

അത്യാധുനിക സൗകര്യങ്ങളോടെയാണ് ടോൾ പ്ലാസ വിഭാവനം ചെയ്തിരിക്കുന്നത്. വെട്ടിച്ചിറയ്ക്കും കഞ്ഞിപ്പുരയ്ക്കുമിടയിൽ ഇരു ഭാഗങ്ങളിലായാണ് ടോൾ പ്ലാസ നിർമിക്കുന്നത്. ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു. ഓരോ ഭാഗത്തേക്കുമുള്ള ടോൾ പ്ലാസകൾ തമ്മിൽ 400 മീറ്റർ അകലമുണ്ടാകും. ടോൾ പ്ലാസകളിലാണ് പാതയിലെ മുഴുവൻ ക്യാമറകളിൽനിന്നുമുള്ള ദൃശ്യങ്ങൾക്കായുള്ള മോണിറ്ററുകൾ സ്ഥാപിക്കുന്നത്.

സ്ഥിരം കെട്ടിടമായിരിക്കും ടോൾ പ്ലാസയുടെ ഭാഗമായി നിർമിക്കുക. ടോൾ പ്ലാസയോടു ചേർന്നുതന്നെയാണ് ട്രാഫിക് എയ്ഡ്പോസ്റ്റും മെഡിക്കൽ എയ്ഡ് പോസ്റ്റും വിഭാവനം ചെയ്തിരിക്കുന്നത്. ടോൾ പിരിക്കുന്നതിനായി മാത്രമുള്ള ടെൻഡർ ഉദ്ഘാടനത്തിനു തൊട്ടുമുൻപായി നടക്കും. നിർമാണ–നടത്തിപ്പ് ചുമതലയുള്ള കരാറുകാർക്ക് ടോൾപിരിവുമായി ബന്ധമുണ്ടാകില്ല. 

▪️വിശാലമായി വിശ്രമകേന്ദ്രം

ചമ്രവട്ടം ജംക്‌ഷനും കുറ്റിപ്പുറത്തിനുമിടയിലുള്ള പൊന്നാനി ബൈപാസിലാണ് വിശ്രമകേന്ദ്രത്തിനുള്ള സൗകര്യമൊരുക്കുന്നത്. ശുചിമുറി കോംപ്ലക്സ് ഉൾക്കൊള്ളുന്നതാണ് വിശ്രമകേന്ദ്രം. പൊന്നാനി ഇൗശ്വരമംഗലം മേഖലയിലാണ് പ്രധാന വിശ്രമകേന്ദ്രമൊരുങ്ങുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം വന്നാൽ വാഹനം ഒതുക്കി ഉറങ്ങുന്നതിനും പ്രത്യേക കേന്ദ്രങ്ങളുണ്ട്.

കോഹിനൂർ, കരുമ്പിൽ, പൊന്നാനി ബൈപാസിൽ അയങ്കലം ബാവഹാജി മെമ്മോറിയൽ ഫാത്തിമ ജുമാ മസ്ജിദിനു സമീപം എന്നിവിടങ്ങളിൽ വാഹനം ഒതുക്കി ഉറങ്ങുന്നതിനുള്ള സൗകര്യമൊരുക്കും. ഇത്തരം കേന്ദ്രങ്ങളിൽ ശുചിമുറി സൗകര്യമുണ്ടാകും. ഇവിടങ്ങളിലല്ലാതെ മറ്റൊരിടത്തും വാഹനം നിർത്തിയിടാൻ അനുമതിയുണ്ടാകില്ല. പൊന്നാനി ബൈപാസ് കഴിഞ്ഞാൽ പിന്നെ തൃശൂരിൽ പുന്നയൂർക്കുളത്തിനടുത്തും എടക്കഴിയൂരുമാണ് ഇത്തരം സൗകര്യമുള്ളത്. 

▪️ടോൾ പ്ലാസകൾ

കോഴിക്കോട് ബൈപാസിലെ ടോൾ പ്ലാസ കഴിഞ്ഞാൽ പിന്നെ മലപ്പുറം ജില്ലയിൽ കഞ്ഞിപ്പുരയിലാണ് അടുത്ത ടോൾ ബൂത്ത്. അതുകഴിഞ്ഞാൽ പിന്നെ തൃശൂർ ജില്ലയിൽ തൃപ്രയാറിൽ. സംസ്ഥാനത്ത് 9 ഇടങ്ങളിൽ ടോൾ പ്ലാസകൾ നിർമിക്കുന്നുണ്ടെങ്കിലും ഒരേ ദിശയിലുള്ള യാത്രയിൽ എവിടെയെല്ലാം ടോൾ നൽകണമെന്നും എത്ര രൂപ നൽകണമെന്നുമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഇതിനായി പ്രത്യേക പാക്കേജുകൾ യാത്രക്കാർക്കായി ഒരുക്കിയേക്കും. ആറുവരിപ്പാതയിൽ യാത്രക്കാർക്കായി ഒരുക്കുന്ന സേവനങ്ങൾക്കു കൂടിയാണ് ടോൾ ഈടാക്കുന്നത്. 

▪️വയർലെസ് സംവിധാനങ്ങൾ

ആറുവരിപ്പാതയിലെ സുരക്ഷയുടെയും സേവനങ്ങളുടെയും ഭാഗമായി വയർലെസ് സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള ആറുവരിപ്പാത പ്രവർത്തനങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്ന തരത്തിലായിരിക്കും വയർലെസ് സംവിധാനങ്ങൾ ഒരുക്കുന്നത്. ഓരോ ജില്ലയിലും നടത്തിപ്പ് ചുമതലയുള്ളവരാണ് കൈകാര്യം ചെയ്യുകയെങ്കിലും മറ്റു ജില്ലകളുമായി സംവിധാനം ഏകോപിപ്പിക്കുമെന്നാണ് അറിയുന്നത്.

പാത നിർമാണത്തിന്റെ ഭാഗമായി നിലവിലെ റോഡിൽ നിന്നു മാറ്റുന്ന വൈദ്യുതക്കാലുകൾക്കും ലൈനുകൾക്കും പകരം  ദേശീയപാത അതോറിറ്റി പോസ്റ്റും ലൈനും സ്ഥാപിച്ചു നൽകുന്നുണ്ട്. പഴയ വൈദ്യുതക്കാലുകൾ പൂർണമായും ഒഴിവാക്കാനാണു നിർദേശം. 

▪️ആറുവരിപ്പാത കടക്കാൻ ഒൻപതിടത്ത് ടോൾ

കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ആറുവരിപ്പാതയിൽ
യാത്ര ചെയ്യുമ്പോൾ 9 ടോൾ ബൂത്തുകൾ കടക്കേണ്ടിവരും. പാതയിൽ ഓരോ പദ്ധതിയിലും വിഭാവനം ചെയ്ത ടോൾ ബൂത്തുകളാണിത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ആകുന്നതേയുള്ളു.

നിവലിൽ വിഭാവനം ചെയ്ത ടോൾബൂത്തുകൾ കാസർകോട് കേളോത്ത്, കല്യാശ്ശേരി, അഴിയൂർ, തലശ്ശേരി, കോഴിക്കോട് ബൈപാസ്, മലപ്പുറം കഞ്ഞിപ്പുര, തൃശൂർ തൃപ്രയാർ, അരൂർ മുതൽ കൊട്ടുകുളങ്ങര വരെയുള്ള ഭാഗത്ത് 2 ടോളുകൾ എന്നിവയാണ്. ടോൾ നിരക്കുകളും തീരുമാനിച്ചിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *