
Perinthalmanna Radio
Date: 06-12-2023
സംസ്ഥാനത്തെ പഴയ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഗതാഗത കമ്മിഷണറേറ്റിൽനിന്നുള്ള ശുപാർശ സർക്കാരിന് കൈമാറി. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനികൾക്ക് പ്രവർത്തനമാനദണ്ഡം നിശ്ചയിച്ചാകും നടപ്പാക്കുക. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയ്ക്കുംവേണ്ടി കേന്ദ്രസർക്കാർ 2019 ഏപ്രിൽമുതൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു.
പുതിയ വാഹനങ്ങൾക്ക് വാഹന നിർമാതാക്കളും പഴയതിന് സർക്കാർ അംഗീകൃത ഏജൻസികളുമാണ് ഇവ ഘടിപ്പിക്കേണ്ടത്. 18 കമ്പനികൾ കേന്ദ്രാനുമതി നേടി. ഇവയ്ക്ക് സംസ്ഥാനം പ്രവർത്തനാനുമതി നൽകണം. 2023 മേയിൽ പഴയവാഹനങ്ങൾക്കും മൂന്നുമാസത്തിനുള്ളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വ്യാജ നമ്പറുകളിലുള്ള വാഹനങ്ങൾ തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനുമായാണ് പ്രധാനമായും അതിസുരക്ഷ നമ്പർ പ്ലേറ്റ് എന്ന ആശയം ഒരുക്കിയത്. 2001-ൽ ഇത് സംബന്ധിച്ച് നിയമ ഭേദഗതി വരുത്തിയിരുന്നെങ്കിലും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് പ്രാരംഭ ഘട്ടത്തിൽ നടപ്പാക്കിയത്. പിന്നീട് 2019-ൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതുതായി നിരത്തുകളിൽ എത്തുന്ന വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്.
നിശ്ചിത വലിപ്പത്തിലും അക്ഷരത്തിലും നിറത്തിലുമാണ് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഒരുങ്ങുന്നത്. ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റിലാണ് നമ്പർ പ്ലേറ്റ് നിർമിക്കുന്നത്. ഇത് ടെസ്റ്റിങ്ങ് ഏജൻസി അംഗീകരിച്ച് AIS:159:2019 മാനദണ്ഡം പാലിക്കുന്നവയുമായിരിക്കും. പ്ലേറ്റിന്റെ നാല് വശങ്ങളും റൗണ്ട് ചെയ്യുന്നതിനൊപ്പം എംബസ്ഡ് ബോർഡറും നൽകുന്നുണ്ട്. വ്യാജ പ്ലേറ്റുകൾ തടയുന്നതിനായി 20ഃ20 എം.എം സൈസുള്ളതും അശോകചക്രം ആലേഖനം ചെയ്തിട്ടുള്ളതമായി ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ ഇടത് ഭാഗത്ത് പതിപ്പിക്കും.
നമ്പർ പ്ലേറ്റിന്റെ ഇടത് ഭാഗത്ത് താഴെയായി 10 അക്കങ്ങളുള്ള ലേസർ ബ്രാന്റ് ഐഡന്റിഫിക്കേഷൻ നമ്പർ നൽകും. നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ 45 ഡിഗ്രി ചെരുവിൽ ഇന്ത്യ എന്നെഴുതിയ ഹോട്ട് സ്റ്റാമ്പിങ്ങ് ഫിലീമും നൽകുന്നുണ്ട്. പ്ലേറ്റിന്റെ ഇടത് വശത്ത് നടുവിലായി IND എന്ന നീല നിറത്തിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഊരി മാറ്റാൻ കഴിയാത്തതും, ഊരിയാൽ പിന്നീട് ഉപയോഗിക്കാൻ കഴിയാത്തതുമായ സ്നാപ്പ് ലോക്കിങ്ങ് സിസ്റ്റത്തിലാണ് ഘടിപ്പിക്കുക. നമ്പർ പ്ലേറ്റുകൾക്ക് കുറഞ്ഞത് അഞ്ച് വർഷം ഗ്യാരണ്ടിയുമുണ്ട്.
അതിലുരക്ഷാ നമ്പർപ്ലേറ്റ്
ഹോളോഗ്രാം ഉൾപ്പെടെ സുരക്ഷാ മുദ്രണങ്ങളുള്ള ഇവ വാഹനത്തിൽ ഇളക്കിമാറ്റാനാകാത്തവിധം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുനരുപയോഗിക്കാൻ കഴിയില്ല. ഇരു നമ്പർ പ്ലേറ്റുകൾക്കും പ്രത്യേക സീരിയൽ നമ്പറും ഉണ്ടാകും. ഇതിന്റെ വിവരങ്ങൾ രജിസ്ട്രേഷൻ രേഖകളിൽ ഉൾക്കൊള്ളിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
