
Perinthalmanna Radio
Date: 07-11-2023
പെരിന്തല്‍മണ്ണ: നാലു വര്‍ഷത്തോളമായി പൂര്‍ത്തീകരിക്കാത്ത മേലാറ്റൂര്‍ – പുലാമന്തോള്‍ (സ്റ്റേറ്റ് ഹൈവേ – 39) റോഡ് പ്രവൃത്തികളുടെ അനാസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേലാറ്റൂരില്‍ നിന്നു പെരിന്തല്‍മണ്ണ വരെയും പുലാമന്തോളില്‍ നിന്ന് പെരിന്തല്‍മണ്ണ വരെയും പ്രതിഷേധ പദയാത്ര നടത്തി.
ഇന്നലെ രാവിലെ ഒമ്പതിനു ആരംഭിച്ച പദയാത്ര ഉച്ചക്കു 12ന് സമാപിച്ചു. മേലാറ്റൂര്‍ ടൗണില്‍ നിന്നാരംഭിച്ച പദയാത്ര മേലാറ്റൂര്‍ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയര്‍മാൻ പി.കെ. അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയതു. വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂര്‍ യൂണിറ്റ് പ്രസിഡന്‍റ് എൻ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
മേലാറ്റൂര്‍ യൂണിറ്റ് പ്രഥമ സെക്രട്ടറി വാസുണ്ണി തിരുമുല്‍പ്പാട് ജാഥ ക്യാപ്റ്റനായ മണ്ഡലം ജനറല്‍ സെക്രട്ടറി കെ. മനോജ്കുമാറിന് പതാക കൈമാറി. പെരിന്തല്‍മണ്ണ മണ്ഡലം വൈസ് പ്രസിഡന്‍റ് മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു.
പുലാമന്തോള്‍ നിന്നാരംഭിച്ച പദയാത്ര ജില്ലാ ജോയിന്‍റ് സെക്രട്ടറി അര്‍ബാദ് അസീസ്, ജില്ലാ വൈസ് പ്രസിഡന്‍റ് പി.ടി.എസ് മൂസു എന്നിവര്‍ ചേര്‍ന്ന് ജാഥാ ക്യാപ്റ്റനായ പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്‍റ് യൂസുഫ് രാമപുരത്തിന് പതാക കൈമാറി. ഇരുഭാഗത്തുനിന്നുമുള്ള പദയാത്ര പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. സമാപന പൊതുയോഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റും ജില്ലാ പ്രസിഡന്‍റുമായ പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു.
റോഡിന്‍റെ ശോചനീയവസ്ഥ കാരണം നാട്ടുകാരും യാത്രക്കാരും അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതര്‍ ഉടൻ നടപടികള്‍ കൈക്കൊള്ളണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.കുഞ്ഞാവുഹാജി ആവശ്യപ്പെട്ടു.
യൂസഫ് രാമപുരം അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പി.ടി.എസ് മൂസു, ജില്ലാ ജോയിന്‍റ് സെക്രട്ടറി അര്‍ബാദ് അസീസ്, വനിത വിംഗ് ജില്ലാ പ്രസിഡന്‍റ് ജമീല ഇസുദീൻ, കെ. മനോജ്കുമാര്‍, പെരിന്തല്‍മണ്ണ മണ്ഡലം ട്രഷറര്‍ സമദ് ചോക്ലേറ്റ്, വിവിധ യൂണിറ്റ് ഭാരവാഹികള്‍, യൂത്ത് വിംഗ് ഭാരവാഹികള്‍, വനിത വിംഗ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
