
Perinthalmanna Radio
Date: 07-11-2023
പെരിന്തൽമണ്ണ: പരിയാപുരത്ത് ടാങ്കർ ലോറി മറിഞ്ഞ് പ്രദേശത്തെ കിണറുകളിൽ ഡീസൽ കലർന്ന സംഭവത്തിൽ മഴ മാറിയാൽ കിണറുകൾ ശുചീകരിക്കാമെന്ന് പെട്രോളിയം കമ്പനി. പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എസ്. സൂരജ് ഇടപെട്ട് നേരത്തെ യോഗം വിളിച്ചിരുന്നു. ഇതിലെ തീരുമാനങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ അവലോകന യോഗത്തിലാണ് കമ്പനി അധികൃതർ ഇക്കാര്യം അറിയിച്ചത്.
സാധാരണ പെട്രോൾ പമ്പുകളിലും മറ്റും ഇന്ധന ചോർച്ചയുണ്ടായി കിണറുകളിലേക്ക് വ്യാപിച്ചാൽ പ്രത്യേക രീതിയിൽ ശുചീകരിക്കാറുണ്ട്. ഈ സംവിധാനം ഉപയോഗിച്ച് കിണറുകൾ ശുചീകരിക്കും.
സ്ഥിരം അപകടമേഖലയായ ചീരട്ടാമല വളവിൽ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളും നടപടികളും സംബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.പെട്ടെന്നുണ്ടാകുന്ന അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിക്കുന്നതിനും വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനും കളക്ടർ അധ്യക്ഷനായിട്ടുള്ള ഈ കൗൺസിലിന് അധികാരമുണ്ട്. ഇതുപയോഗിച്ച് മേഖലയിൽ ചെയ്യാനുള്ള നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
അഭിഭാഷകസംഘവും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ച് നഷ്ടം വിലയിരുത്തിയിട്ടുണ്ട്. ജഡ്ജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, റവന്യൂ, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ മേധാവികൾ, ജനപ്രതിനിധികൾ, പെട്രോളിയം കമ്പനി അധികൃതർ, പരാതിക്കാരായ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
ഓഗസ്റ്റ് 20-നാണ് ഡീസൽ ടാങ്കർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തുടർന്ന് പത്തോളം കിണറുകളിലേക്ക് ഡീസൽ എത്തുകയും മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ തീപ്പിടിത്തമുണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഡീസൽ കത്തിച്ചുകളയുകയുമുണ്ടായി. മഴ ശക്തമായതോടെ ഡീസൽ വ്യാപിക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ ആറിനും ഇതേ വളവിൽ ലോറി മറിഞ്ഞ് അപകടമുണ്ടായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
