
Perinthalmanna Radio
Date: 08-11-2023
പെരിന്തൽമണ്ണ : ജന പങ്കാളിത്തത്തോടെയുള്ള പദയാത്രയും ഒരു ദിവസത്തെ ബസ് പണിമുടക്കും ഒടുവിൽ വ്യാപാരി സംഘടന നടത്തിയ പ്രതിഷേധ മാർച്ചും പിന്നിട്ടിട്ടും പെരിന്തൽമണ്ണയിൽ നിലച്ചു കിടക്കുന്ന റോഡ് പ്രവൃത്തിയുടെ കാര്യത്തിൽ മരാമത്ത് വകുപ്പ് ഇടപെടുന്നില്ല, മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ ഭാഗത്ത് മുടങ്ങി കിടക്കുന്ന റോഡ് പ്രവൃത്തി രാഷ്ട്രീയത്തിന് അതീതമായാണ് മരാമത്ത് മന്ത്രിക്കും സർക്കാറിനും എതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നത്.
2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തിയ 139 കോടിയുടെ പ്രവൃത്തി 18 മാസം കൊണ്ട് പൂർത്തിയാക്കേണ്ടത് മൂന്നു വർഷം കഴിഞ്ഞിട്ടും പാതി വഴിയിൽ കിടക്കുകയാണ്. പ്രവൃത്തി തുടങ്ങുന്നതിന് രണ്ടു വർഷം മുമ്പേ റോഡ് പാടേ തകർന്ന സ്ഥിതിയിലായിരുന്നു. ഈ പ്രവൃത്തി കരാറെടുത്ത ഹൈദരാബാദ് കേന്ദ്രമായ സ്ഥാപനം തൊട്ടടുത്ത് മുണ്ടൂർ- തൂത റോഡ് പണി നടത്തുന്നുണ്ട്. സർക്കാറിനെതിരെ ജനങ്ങളുടെ വലിയ പ്രതിഷേധവും എതിർപ്പുമുണ്ടായിട്ടും എന്തെങ്കിലും നടപടിയിലേക്ക് കടന്നിട്ടില്ല. അതേ സമയം, കരാർ കമ്പനിക്ക് കരാർ റദ്ദാക്കിയുള്ള കത്ത് നൽകാനും സമയ ബന്ധിതമായി പ്രവൃത്തി നടത്തുന്ന രണ്ട് കമ്പനികളോട് ഏറ്റവും പെട്ടെന്ന് പ്രവൃത്തി പൂർത്തിയാക്കി കൈമാറാൻ കഴിയുമോ എന്നും ഉദ്യോഗസ്ഥ തലത്തിൽ ആലോചന നടക്കുന്നുണ്ട്.
നവംബർ 30ന് പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നുണ്ട്. അതിന് മുമ്പ് ഫലപ്രദമായ തീരുമാനം എടുക്കണമെന്നാണ് നടക്കുന്ന ആലോചന. ഇതിനകം നടന്ന സമരങ്ങൾ മുഖ്യമന്ത്രിയെയും മരാമത്ത് മന്ത്രിയെയും രൂക്ഷമായി വിമർശിക്കുന്ന രീതിയിലായിരുന്നു, യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 12 കി.മീ പദയാത്രക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. പുതുതായി ഫണ്ട് അനുവദിക്കുകയോ സർക്കാർ തലത്തിൽ ഗൗരവ പൂർണമായ തീരുമാനം എടുക്കുകയോ വേണ്ടാത്ത ജനകീയ പ്രശ്നം ഇത്രയേറെ വലിച്ചു നീട്ടിയത് സർക്കാറിന്റെ പിടിപ്പു കേടാണെന്നാണ് മൂന്നു സമരങ്ങളിലും വിശദീകരിച്ചത്. മറിച്ചൊരു വിശദീകരണം സർക്കാറിനെ അനുകൂലിക്കുന്നവരിൽ നിന്ന് വന്നിട്ടുമില്ല
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
