Perinthalmanna Radio
Date: 08-11-2023
വയനാടിനെ മാലിന്യ മുക്തമാക്കുന്നതിനായി ശുചിത്വമിഷൻ ‘ഗ്രീൻ ക്ലീൻ വയനാട്’ പ്രചാരണം തുടങ്ങും. അതിർത്തി ചെക്പോസ്റ്റുകളിൽ നിന്നും ടൂറിസം മേഖലയിൽ നിന്നും പ്രത്യേക തുക ഈടാക്കുന്ന രീതിയിലാണ് പദ്ധതി. രൂപരേഖ സംസ്ഥാന സർക്കാരിലേക്ക് സമർപ്പിക്കും. രൂപരേഖ തയ്യാറാക്കുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു.
ഗ്രീൻ ക്ലീൻ വയനാട് പദ്ധതിയിൽ ഗ്രീൻ ഗേറ്റ്സ്, ഗ്രീൻ സെസ്, ഗ്രീൻ ഫീ എന്നീ മൂന്നുതരത്തിലാണ് നടപ്പാക്കുക. ഗ്രീൻ ഗേറ്റ് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലെ ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് നടക്കുക. ചെക്പോസ്റ്റുകളിലൂടെ കടന്നുപോകുന്ന ജില്ലയ്ക്കു പുറത്തുള്ളതും സംസ്ഥാനത്തിനു പുറത്തുള്ളതുമായ വാഹനങ്ങളിൽനിന്ന് നിശ്ചിതശതമാനം തുക ഈടാക്കും.
ലക്കിടി, വടുവൻചാൽ, താളൂർ, മുത്തങ്ങ, ബത്തേരി-ഗൂഡല്ലൂർ റോഡ്, തോല്പെട്ടി, ബാവലി, ബോയ്സ് ടൗൺ, പേര്യ, നിരവിൽപ്പുഴ, നമ്പ്യാർകുന്ന് എന്നീ അതിർത്തി ചെക്പോസ്റ്റുകളാണ് പദ്ധതിയുടെ പരിധിയിൽവരുന്നത്.ചെക്പോസ്റ്റുകളിൽ പ്രത്യേകം പരിശോധനയും ഒരുക്കും. കാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പരിശോധനയും യാത്രക്കാർക്ക് ബോധവത്കരണവും നടത്തും.
ടൂറിസം കേന്ദ്രങ്ങളിൽ ഗ്രീൻ സെസ്
ഗ്രീൻ സെസ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾവഴിയാണ് നടപ്പാക്കുന്നത്. എല്ലാ സർക്കാർ, സ്വകാര്യ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ടിക്കറ്റിനോടൊപ്പം നിശ്ചിത തുക ഈടാക്കും. ഗ്രീൻ ഫീ റിസോർട്ടുകളെയും ഹോംസ്റ്റേകളെയും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിലെ ഓരോ മുറിക്കും നിശ്ചിത ഫീ ഏർപ്പെടുത്തും. ഇത്തരത്തിൽ ഈടാക്കുന്ന തുക തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മാലിന്യസംസ്കരണപ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. അനധികൃതമായി മാലിന്യംതള്ളുന്നവരെ കണ്ടെത്താൻ വിവിധയിടങ്ങളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുക, മാലിന്യകേന്ദ്രങ്ങൾ ശുചിയാക്കുക, യാത്രക്കാർക്ക് ഭക്ഷണംകഴിക്കാനുള്ള ഇടം തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുക. സർക്കാർ, സ്വകാര്യ ഏജൻസികളെയും ഭാഗമാക്കും.
തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ വിവിധ സർക്കാർവകുപ്പുകളെയും ഏജൻസികളെയും പങ്കാളികളാക്കും. ജനകീയപങ്കാളിത്തവും ഉറപ്പാക്കും.അശാസ്ത്രീയമായും നിയമവിരുദ്ധമായും മാലിന്യം കൈകാര്യംചെയ്യുന്നതിനെതിരേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൃത്യമായി നടപടിയെടുക്കും. പൊതുസ്ഥലങ്ങളിലും മറ്റും വാഹനങ്ങളിൽ മാലിന്യംതള്ളുന്നവർക്കെതിരേ പോലീസും മോട്ടോർവാഹനവകുപ്പും നിയമനടപടി സ്വീകരിക്കും. മറ്റു സർക്കാർവകുപ്പുകൾ സ്വന്തം മേഖലയിൽ മാലിന്യസംസ്കരണപ്രവർത്തനത്തിന് നേതൃത്വം നൽകും.
യോഗത്തിൽ കളക്ടർ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. എ.ഡി.എം. എൻ.ഐ. ഷാജു, തദ്ദേശസ്വയംഭരണവകുപ്പ് ജോയന്റ് ഡയറക്ടർ ബെന്നി ജോസഫ്, എ.എസ്.പി. വിനോദ് പിള്ള, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി.) കെ. റഹീം ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ