Wednesday, December 25

ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും എ.ബി.സി കേന്ദ്രം തുടങ്ങുന്ന പ്രവൃത്തികൾക്ക് വേഗക്കുറവ്

Share to

Perinthalmanna Radio
Date: 07-05-2023

മലപ്പുറം: തെരുവുനായ ശല്യം രൂക്ഷമായിട്ടും ജില്ലയിൽ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം തുടങ്ങുന്ന പ്രവൃത്തികൾക്ക് വേഗക്കുറവ്. മങ്കട കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തി മാസങ്ങളായിട്ടും കെട്ടിടം നിർമ്മിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്ലാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചിട്ടുണ്ട്. കെട്ടിടവും ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങൾക്കും 70 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഇതിലേക്ക് തുക വകയിരുത്താനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടമെന്ന നിലയിൽ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് എം.കെ.റഫീഖയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇതുവരെ മറ്റിടങ്ങളിൽ നിന്നൊന്നും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. വണ്ടൂർ, ഊരകം, മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നീക്കം നടത്തിയെങ്കിലും പഞ്ചായത്തുകളുടെ നിസ്സഹകരണത്തിൽ മുന്നോട്ടുപോയില്ല.

2017ലാണ് ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2020 നവംബർ അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇക്കാലയളവിൽ ആകെ 3,307 തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്. നേരത്തെ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല. എന്നാൽ, അനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബശ്രീയെ ഹൈക്കോടതി വിലക്കി.
തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായാണ് 2016ൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേന എ.ബി.സി പദ്ധതിക്ക് തുടക്കമിട്ടത്. തെരുവുനായകളെ കണ്ടെത്തി അവയെ വന്ധ്യംകരിക്കുകയും മുറിവുണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതിയാണിത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *