എ.ബി.സി കേന്ദ്രം വൈകും; സ്ഥല ലഭ്യത വെല്ലുവിളി

Share to

Perinthalmanna Radio
Date: 22-06-2023

മങ്കട: തെരുവുനായ വന്ധ്യംകരണ കേന്ദ്രം (എ.ബി.സി)​ നിർമ്മിക്കാൻ മങ്കട കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന വിലയിരുത്തലിൽ മഞ്ചേരിയിൽ ഒഴിഞ്ഞു കിടക്കുന്ന നാലേക്കർ റവന്യൂ ഭൂമി ആവശ്യപ്പെടാൻ തീരുമാനം. ഭൂമി ആവശ്യപ്പെട്ട് നേരത്തെ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. വീണ്ടും ജില്ലാ കളക്ടറെ കാണാനാണ് തീരുമാനം. പ്രീ ഫാബ് മോഡലിൽ നിർമ്മിച്ച എ.ബി.സി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കണ്ണൂർ പടിയൂരിൽ എത്തിയിരുന്നു. ആളൊഴിഞ്ഞ 50 സെന്റ് സ്ഥലത്താണ് പടിയൂരിലെ എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രതിദിനം പത്ത് നായകളെ വന്ധ്യംകരിക്കാനാനും ഇവയെ സംരക്ഷിക്കാനുമുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കൂടുതൽ തെരുവുനായകളെ എത്തിക്കാനുള്ള നായ പിടുത്തക്കാർ ഉണ്ടെങ്കിലും സ്ഥല പരിമിതിയാണ് തടസ്സം. മങ്കട മൃഗാശുപത്രിയോട് ചേർന്ന് 42 സെന്റ് സ്ഥലമാണുള്ളത്. ഇത് പര്യാപ്തമല്ലെന്ന് കണ്ടതോടെയാണ് ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമികൾ ആവശ്യപ്പെടാൻ തീരുമാനിച്ചത്. മങ്കടയിൽ ഒരുമാസത്തിനകം എ.ബി.സി കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം തുടങ്ങാനായിരുന്നു പദ്ധതി. റവന്യൂ ഭൂമി വിട്ടുകിട്ടുന്നതിന് ഏറെ നടപടിക്രമങ്ങളുണ്ട് എന്നതിനാൽ എ.ബി.സി കേന്ദ്രം തുടങ്ങാൻ വൈകിയേക്കും.

ജില്ലയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുടങ്ങാൻ ഒരുകോടിയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്. ഓരോ വർഷവും 75 ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവു വരും. തദ്ദേശ സ്ഥാപനങ്ങളോട് നിശ്ചിത ഫണ്ട് നീക്കിവയ്ക്കാൻ ആവശ്യപ്പെടും. ഇതിന് സർക്കാരിന്റെ അനുമതിയുമുണ്ട്. ജില്ലയിൽ 18,000ത്തിലേറെ തെരുവുനായകളുണ്ട് എന്നാണ് വ‌ർഷങ്ങൾക്ക് മുമ്പ് മൃഗസംരക്ഷണ വകുപ്പ് നടത്തിയ സെൻസസിൽ കണ്ടെത്തിയത്. ഇതിന്റെ ഇരട്ടിയോളം തെരുവുനായകൾ ജില്ലയിലുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ 2016ലാണ് ആരംഭിച്ചത്. കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല നൽകിയിരുന്നത്. വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി 2021ൽ ഹൈക്കോടതി കുടുബശ്രീയെ വിലക്കി. ഇതിനിടെ 3,307 തെരുവു നായകളെയാണ് വന്ധ്യംകരിച്ചത്.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *