
Perinthalmanna Radio
Date: 23-03-2023
മലപ്പുറം: ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 17 ജീവന്‍. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്.
ബൈക്ക് യാത്രികരാണ് അപകടത്തില്‍പെടുന്നതില്‍ കൂടുതല്‍. അമിത വേഗവും അശ്രദ്ധയുമാണ് കാരണമായി കണ്ടെത്തുന്നത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയും നടപടികളും കര്‍ശനമാക്കിയെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. നിരത്ത് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അഭ്യാസങ്ങളും മരണം വിളിച്ചുവരുത്തുന്നു.
മലപ്പുറം ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായ അപകടത്തില്‍പെട്ടതില്‍ അധികവും ചെറു വാഹനങ്ങള്‍. ബൈക്ക്, കാര്‍, ഓട്ടോ എന്നിവ ഓടിച്ചവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച ചങ്ങരംകുളം കോലിക്കരയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കളാണ് മരിച്ചത്. ഒതളൂരില്‍ ഉത്സവം കണ്ട് മടങ്ങിവരുന്ന വഴി തൃശൂര്‍ ഭാഗത്തേക്ക് പോയ കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് തിങ്കളാഴ്ച രാവിലെ 6.50ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം നാടിന് കണ്ണീര്‍വേദനയായി. അതേദിവസംതന്നെ പുത്തനത്താണിയില്‍ പുലര്‍ച്ച കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന നിയമ വിദ്യാര്‍ഥിനിയുടെ മരണം നാടിന് നൊമ്ബരമായി. മലപ്പുറം എം.സി.ടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കോളജിനടുത്ത റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ പരപ്പനങ്ങാടിയില്‍ താനൂര്‍ റോഡിലെ എല്‍.ബി.എസ് മോഡല്‍ കോളജിന് സമീപം ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് ഓട്ടോ യാത്രികന്‍ മരിച്ചത്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പെട്രോള്‍ പമ്ബിനടുത്താണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഞായറാഴ്ച മൂന്ന് അപകടങ്ങളിലായി മൂന്നുപേരാണ് മരിച്ചത്. പാണക്കാട്ട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ മഞ്ചേരി സ്വദേശിയും താനൂര്‍ നഗരത്തിന് സമീപം രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കളും മരിച്ചു. ഇതിനുപുറമെ താനൂര്‍ ഓലപ്പീടികക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് ഒരാളും മൂച്ചിക്കലില്‍ റെയില്‍വേ മേല്‍പാലത്തിന്‍റെ കൈവരിയില്‍ ബൈക്കിടിച്ച് യുവാവും മരിച്ചു.
കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ബൈക്കപകടത്തില്‍ താനൂര്‍ സ്വദേശിയായ യുവാവിനും വെന്നിയൂരില്‍ ക്രെയിന്‍ തട്ടി ഗുഡ്സ് ഓട്ടോ മറിഞ്ഞ് വാഹനമോടിച്ച വര്‍ക്ക്ഷോപ് ഉടമക്കും ദാരുണാന്ത്യം സംഭവിച്ചു. കണ്ണമംഗലത്ത് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട യുവാവ് അപകടത്തില്‍ മരിച്ചത് തിങ്കളാഴ്ച പുലര്‍ച്ച മൂന്നിനാണ്.
ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടം. കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ സ്വദേശിയും ഭാര്യയുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനും പരിക്കേറ്റിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ