വെള്ളമില്ലാത്തതിനാൽ ആഢ്യന്‍പാറ ജലവൈദ്യുത കേന്ദ്രത്തില്‍ ഉത്പാദനം നിലച്ചു

Share to

Perinthalmanna Radio
Date: 26-03-2023

കെഎസ്‌ഇബിയുടെ മലപ്പുറം ജില്ലയിലെ ഏക ജനറേറ്റിംഗ് സ്റ്റേഷനായ ആഢ്യന്‍പാറ ചെറുകിട ജല വൈദ്യുത പദ്ധതിയില്‍ ഈവര്‍ഷം മികച്ച ഉത്പാദനമാണ് നടന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ച്ചയായി ജലലഭ്യത ഇല്ലാത്തതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിലച്ച അവസ്ഥയില്‍.

ഔദ്യോഗികമായി ഉത്പാദനം നിറുത്തി വച്ചിട്ടില്ല. വെള്ളത്തിന്‍റെ ലഭ്യതക്ക് അനുസരിച്ച്‌ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. പ്രതിവര്‍ഷ ഉത്പ്പാദന ലക്ഷ്യമായ 90,10,000 യൂണിറ്റ് (9.01) മറികടന്ന്, (9.04) 90,40,000 യൂണിറ്റ് ഉത്പാദിപ്പിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ നേട്ടത്തിലേക്ക് എത്തിയിട്ടില്ല. കടുത്ത വേനലാണ് ഇക്കുറി തിരിച്ചടിയായത്. ഏതു വേനലിലും നീരൊഴുക്കുണ്ടായിരുന്ന കാഞ്ഞിരപ്പുഴ വറ്റിയ നിലയിലാണ്. വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാന്‍ കഴിയു. 2015 സെപ്തംബര്‍ മൂന്നിന് കമ്മീഷന്‍ ചെയ്ത ഈ പദ്ധതി പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഓരോ വര്‍ഷവും നേട്ടം കൈവരിക്കുന്നത്.

കഴിഞ്ഞ മഹാപ്രളയങ്ങളില്‍ ജനറേറ്റിംഗ് സ്റ്റേഷനിലേക്കു വെള്ളം വരുന്ന തുരങ്ക മുഖവും മൂന്നു ജനറേറ്ററുകളും മണ്ണിനടിയില്‍പ്പെട്ടു പോയിട്ടും കഠിനാധ്വാനം ചെയ്താണ് മുന്‍കാല ജീവനക്കാരും ഉദ്യോഗസ്ഥരും 2015 ല്‍ ആരംഭിച്ച ഈ പവര്‍ സ്റ്റേഷനെ ജീവസുറ്റതാക്കിയത്. അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാര്‍ഷിക ഉത്പാദന ലക്ഷ്യം വേഗത്തില്‍ സാക്ഷാത്കരിക്കാന്‍ സഹായാകമായിട്ടുണ്ടെന്നു അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പി.ആര്‍. ഗണദീപന്‍ അറിയിച്ചു.

ചാലിയാറിന്‍റെ കൈവഴിയായ കാഞ്ഞിരപ്പുഴക്ക് കുറകെ ഒരു ചെക്ക്ഡാം നിര്‍മിച്ച്‌ ഒരു കിലോമീറ്റര്‍ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ പവര്‍ ഹൗസിലെത്തിച്ച്‌ പിന്നീട് വെള്ളം ആഢ്യന്‍പാറ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചുവിടുന്നത് വിനോദ സഞ്ചാരികള്‍ക്ക് നയന മനോഹരമായ കാഴ്ച കൂടിയാണ്.

ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യന്‍പാറ പദ്ധതിയുടെ ഈ നേട്ടം. 3.5 മെഗാവാട്ട് ശേഷിയുള്ള ആഢ്യന്‍പാറയില്‍ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉത്പാദന ശേഷി. ഈ വര്‍ഷം 86,500 യൂണിറ്റിന് മുകളില്‍ വരെ നിലയത്തില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചു.

1.5 മെഗാവാട്ടിന്‍റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്‍റെ ഒരു ജനറേറ്ററുമാണ് പവര്‍ ഹൗസിലുള്ളത്. കനത്ത മഴയുള്ള സമയത്ത് മൂന്നു ജനറേറ്ററും പ്രവര്‍ത്തിക്കും. മാര്‍ച്ച്‌ മാസത്തില്‍ 0.5 മെഗാവാട്ടിന്‍റെ ജനറേറ്ററാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *