എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം

Share to

Perinthalmanna Radio
Date: 01-09-2023

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യഥാര്‍ത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് പണമിടപാടുകള്‍ നടത്തുമ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങള്‍ക്ക് വ്യാപകമായി വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. പലര്‍ക്കും തപാലില്‍ നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ എസ്എംഎസ് ആയാണ് നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഇതിന്റെ മറവിലാണ് തട്ടിപ്പുകാരുടെ ഗൂഡനീക്കങ്ങള്‍. നിങ്ങളുടെ വാഹനത്തിന്റെ പേരില്‍ ഇത്ര രൂപയുടെ പിഴയുണ്ടെന്ന് കാട്ടി ഉടമകളുടെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. പിഴ അടയ്ക്കാനുള്ളതെന്ന പേരില്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ടാവും. ഒറ്റനോട്ടത്തില്‍ ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്നതിനാല്‍ വെബ്‍സൈറ്റിന്റെ അഡ്രസ് ഉള്‍പ്പെടെ മറ്റൊന്നും പെട്ടെന്ന് ശ്രദ്ധിക്കില്ല. ഇത്തരം വെബ്‍സൈറ്റുകളില്‍ കയറി പണമിടപാടുകള്‍ നടത്തിയാല്‍ അത് തട്ടിപ്പുകാര്‍ക്കാണ് ലഭിക്കുക.

echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്‍സൈറ്റ് വഴിയാണ്  പണമിടപാടുകള്‍ നടത്തേണ്ടതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു. അല്ലെങ്കില്‍ ചെല്ലാന്‍ നോട്ടീസില്‍ നല്‍കിയിട്ടുള്ള ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്തും പണമടയ്ക്കാം. സമാനമായ തരത്തിലുള്ള മറ്റ് പേരുകളിലുള്ള വെബ്‍സൈറ്റുകള്‍ വ്യാജമാണെന്നതിനാല്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം.
   …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *