
Perinthalmanna Radio
Date: 24-02-2023
പെരിന്തൽമണ്ണ : അലിഗഢ് -രാമൻചാടി കുടിവെള്ളപദ്ധതി അവസാനഘട്ടത്തിൽ. അലിഗഢ് കാമ്പസിനും പെരിന്തൽമണ്ണ നഗരസഭയിലും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതി കിഫ്ബിയിൽ അനുവദിച്ച 92.50 കോടി രൂപ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇലക്ട്രിക്കൽ -മെക്കാനിക്കൽ പ്രവൃത്തികളാണ് അവശേഷിക്കുന്നത്. ട്രാൻസ്ഫോർമറും പമ്പുസെറ്റുകളും വെക്കാനുള്ള ടെൻഡർ ആയിട്ടുണ്ടെങ്കിലും ജല അതോറിറ്റി ഹെഡ് ഓഫീസിൽ നിന്നുള്ള അംഗീകാരമായിട്ടില്ല.
രാമൻചാടിയിലുള്ള പമ്പ് ഹൗസിലേക്കും അലിഗഢ് കാമ്പസിലെ ശുദ്ധീകരണശാലയിലേക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള 6.25 കോടിയുടെ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഈവർഷം ഓഗസ്റ്റോടെ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അലിഗഢ് കാമ്പസ് വിട്ടുനൽകിയ ഒന്നരയേക്കർ സ്ഥലത്ത് ജലശുദ്ധീകരണ പ്ലാന്റിന്റെയും വൻസംഭരണിയുടെയും നിർമാണം പൂർത്തിയായി. കൂടാതെ രാമൻചാടിയിലെ കിണർ, പമ്പ് ഹൗസ്, ബൂസ്റ്റർ, പമ്പിങ് മെയിൻ, വിതരണശൃംഖല എന്നിവയുടെ പണികൾ മേയ് മാസത്തോടെ പൂർത്തിയാകും. പാതായ്ക്കര പി.ടി.എം. കോളേജിന് സമീപത്തും ഏലംകുളം പെരുമ്പറമ്പിലും സംഭരണികളുണ്ട്.
കുന്തിപ്പുഴയിലെ രാമൻചാടിയിൽ കിണറുണ്ടാക്കി വെള്ളം പമ്പ് ചെയ്ത് ചേലാമലയിലെ അലിഗഢ് കാമ്പസിലെ ശുദ്ധീകരണ പ്ലാന്റിലെത്തിക്കും. ശുദ്ധീകരിച്ച വെള്ളം പാതായ്ക്കരയിലെയും പെരുമ്പറമ്പിലെയും സംഭരണികളിലെത്തിച്ച് സ്വാഭാവികമായി ഒഴുക്കിവിടുന്ന രീതിയിലാണ് പദ്ധതി. പ്രതിദിനം 23 ദശലക്ഷം ലിറ്റർ വെള്ളം വിതരണംചെയ്യും. 11 ദശലക്ഷം ലിറ്റർ പെരിന്തൽമണ്ണ നഗരസഭയ്ക്കും നാല് ദശലക്ഷം ലിറ്റർ വീതം അലിഗഢ് കാമ്പസിനും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകൾക്കും നൽകും. ആലിപ്പറമ്പ് പഞ്ചായത്തിന്റെ കുറച്ച് ഭാഗങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
2017-18 സംസ്ഥാന ബജറ്റിൽ കിഫ്ബി ഫണ്ടിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കൂടുതൽ തുക നഗരസഭാപ്രദേശത്തെ പഴകിയ എ.സി. പൈപ്പുകൾ മുഴുവൻ മാറ്റി പുതിയ ജി.ഐ. പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ്. 47 കിലോമീറ്റർ ദൈർഘ്യമുള്ള ഈ വിതരണ പൈപ്പുകൾ മാറ്റുന്നത് 37 കോടി രൂപ ചെലവിലാണ്. ആകെ 92.50 കോടി രൂപയുടേതാണ് പദ്ധതി.
നിലവിൽ കട്ടുപ്പാറയിലെ തടയണയിൽ നിന്നുള്ള നാല് എം.എൽ.ഡി. വെള്ളമാണ് നഗരസഭയ്ക്ക് ലഭിക്കുന്നത്. നഗരത്തിന്റെ ഉപയോഗത്തിന് പോരാതെ വരുന്നതിന് രാമൻചാടി പദ്ധതി പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരമാകും. 2020 ഒക്ടോബർ ഏഴിനാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചത്. 2022 മാർച്ചിൽ പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
