
Perinthalmanna Radio
Date: 23-09-2023
അങ്ങാടിപ്പുറം: അമൃത് ഭാരത് സ്റ്റേഷൻ യോജന പദ്ധതിയിൽ ഇടംപിടിച്ച അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സ്റ്റേഷന്റെ മുൻഭാഗം വീതി കൂട്ടുന്ന പണിയാണ് തുടങ്ങിയത്. ഷൊർണൂർ-നിലമ്പൂർ ലൈനിൽ കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനാണ് അങ്ങാടിപ്പുറം. കഴിഞ്ഞ വർഷം 7,11,416 യാത്രക്കാർ ഈ സ്റ്റേഷനിൽനിന്ന് ടിക്കറ്റെടുത്തു. 4,55,82,406 രൂപ വരുമാനവും ലഭിച്ചു. സ്റ്റേഷനോടു ചേർന്ന് എഫ്.സി.ഐ. ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. രാജ്യറാണി എക്സ്പ്രസ് അടക്കം 14 വണ്ടികളാണ് ഈ ലൈനിലൂടെ കടന്നുപോകുന്നത്. ഇതിനുപുറമേ അങ്ങാടിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ചരക്കുവണ്ടികളും അങ്ങാടിപ്പുറം സ്റ്റേഷനിൽ എത്തും.
എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ചരക്കുവാഹനമിറക്കുന്ന ലൈനിനോടനുബന്ധിച്ച് മൂന്നാമതൊരു ഗുഡ്സ് പ്ലാറ്റ്ഫോം നിർമ്മിക്കും. ഇത് ചരക്കുകൾ ഇറക്കാൻ കൂടുതൽ സൗകര്യമാകും. ഈ പ്ലാറ്റ്ഫോമിനെ ഒന്നാമത്തെ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലവും പദ്ധതിയിൽ ഉണ്ട്. നിലവിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോം മേൽപ്പാലത്തിനുപുറമേയാണ് രണ്ടാമത്തെ പ്ലാറ്റ്ഫോം മേൽപ്പാലം വരുന്നത്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന അനുബന്ധ റോഡ് വീതി കൂട്ടി രണ്ടുവരി പാതയാക്കും. ഇതിനായി ഇവിടെയുള്ള മരങ്ങൾ മുറച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ എഫ്.സി.ഐ. റോഡായി അറിയപ്പെടുന്ന റെയിൽവേ റോഡും വീതി കൂട്ടി രണ്ടുവരി പാതയാക്കി വികസിപ്പിക്കും. ഇത് പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് അങ്ങാടിപ്പുറം മേൽപ്പാലം കയറിയിറങ്ങാതെ റെയിൽവേ സ്റ്റേഷനിലെത്താൻ സഹായകമാകും. മാത്രമല്ല ഗുഡ്സ് പ്ലാറ്റ്ഫോം വരുന്നതോടെ ഇതിൽനിന്ന് ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലേക്ക് എത്താനാവും.
പ്ലാറ്റ്ഫോമുകൾ നീളം കൂട്ടി കൂടുതൽ ഇരിപ്പിടങ്ങളും മേൽക്കൂരകളും സ്ഥാപിക്കും. യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രം, ഇരിപ്പിടങ്ങളുടെ നവീകരണം, വിശ്രമകേന്ദ്രം, പാർക്കിങ് ഏരിയ വിപുലീകരണം, സ്റ്റേഷന്റെ മുൻഭാഗം വീതി കൂട്ടി എലിവേഷൻ മാറ്റൽ, ഡിസ്പ്ലേ ബോർഡുകൾ, അലങ്കാരവിളക്കുകൾ, ശൗചാലയങ്ങൾ, കുടിവെള്ളസൗകര്യം തുടങ്ങിയ വികസനങ്ങളാണ് നടപ്പാക്കുന്നത്. 8.5 കോടി രൂപയാണ് മതിപ്പുകണക്ക്. എട്ട് മാസമാണ് പണി പൂർത്തിയാക്കാനുള്ള കാലാവധി.
ഇതിനുപുറമെ ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതിക്കാലുകൾ സ്ഥാപിക്കുന്ന പണികളും സ്റ്റേഷനിൽ പുരോഗമിക്കുന്നുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണ റേഡിയോ ഇപ്പോൾ വാട്സാപ്പ് ചാനലിലും ലഭ്യമാണ്
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ചാനലുകൾ ഫോളോ ചെയ്യാം
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
