അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ; തകർന്ന റോഡിൽ നാളെ കുഴിയടയ്ക്കൽ സമരം

Share to

Perinthalmanna Radio
Date: 27-10-2023

അങ്ങാടിപ്പുറം:  അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യ പ്പെട്ട് നാളെ റോഡിൽ ജനകീയ കുഴിയടയ്ക്കൽ സമരം നടത്തുമെന്ന് മഞ്ഞളാംകുഴി അലി എം എൽഎ അറിയിച്ചു . രാവിലെ 10ന് റോഡ് പാടേ തകർന്ന എടയൂർ റോഡ് ജംക്ഷന് അടുത്താണ് ഉദ്ഘാടനം. തുടർന്നും പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് എംഎൽഎ മുന്നറിയിപ്പു നൽകി.

നിയമസഭയിൽ പല തവണ സബ്മിഷൻ ഉന്നയിക്കുകയും ചോദ്യമായി നൽകുകയും ചെയ്തു. വകുപ്പു മന്ത്രിക്കും പിഡബ്ല്യു ഡി ഉദ്യോഗസ്ഥർക്കും പതിനഞ്ചിലേറെ തവണ കത്തുകൾ നൽകി. മറ്റൊരു റോഡിനും വേണ്ടി ഇക്കാലത്തിനിടെ ഇത്രയേറെ ഇടപെടൽ നടത്തേണ്ടി വന്നിട്ടില്ല.

റോഡ് പൂർണമായി നവീകരിക്കുന്നതിന് 18 കോടി രൂപയാണ് എസ്റ്റിമേറ്റ്. 2023-24 ബജറ്റിൽ 100 രൂപ ടോക്കൺ തുക മാത്രമാണ് സർക്കാർ വകയിരുത്തിയത്. അങ്ങാടിപ്പുറത്തും കൊളത്തൂരുമായി 2 ഘട്ടങ്ങളായി നടന്ന സമരങ്ങളെ തുടർന്ന് 8 കോടി രൂപ അനുവദിച്ചു. ആദ്യം അനുവദിച്ച 3 കോടി രൂപയിൽ അങ്ങാടിപ്പുറം 3 മുതൽ പുത്തനങ്ങാടി വരെയുള്ള പണി മഴ മൂലം നിർത്തി വെച്ചത്  ഉടൻ പൂർത്തീകരിക്കും. പിന്നീട് – അനുവദിച്ച 5 കോടി രൂപയുടെ  ടെൻഡർ പൂർത്തിയായിട്ടുണ്ട്. പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് മഖാം വരെയാണ് ഇതു കൊണ്ട് പണി നടക്കുക.

കൊളത്തൂരും വെങ്ങാടുമെല്ലാം പാടേ തകർന്നു കിടക്കുന്ന റോഡ് . പൂർണമായി നവീകരിക്കേണ്ടതുണ്ട്. പാതയിൽ കൊളത്തൂരിലെ 2 പാലങ്ങൾക്കു വേണ്ടി കേന്ദ്ര സർക്കാരിന്റെ സിഐആർഎഫ് ഫണ്ടിൽ നിന്ന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ച് ഭരണാനുമതി ആയിട്ടുണ്ട്. പാലങ്ങളുടെ പണി സംസ്ഥാന സർക്കാർ പൂർത്തീകരിച്ചാലേ കേന്ദ്ര സർക്കാർ പണം നൽകൂ എന്നതിനാൽ പണി ആരംഭിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ബഹുജന സമരവുമായി മുന്നിട്ടിറങ്ങുന്നതെന്ന് യുഡിഎഫ് നേതാക്കളായ എം. മൊയ്തു, റെനി ഏബ്രഹാം, കെ. പി.ഹംസ, വി.മൂസക്കുട്ടി, കെ.ടി. ഹംസ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *