മോഷ്ടാക്കളെ ഭയന്ന് അങ്ങാടിപ്പുറവും പരിസരവും

Share to

Perinthalmanna Radio
Date: 19-05-2023

അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മോഷണസംഭവങ്ങൾ പെരുകുന്നു. റെയിൽവേ ഗേറ്റിനടുത്തും സമീപപ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ബുധനാഴ്ച രാത്രി രണ്ടു വീടുകളിലും സ്കൂളിലും മോഷണം നടന്നു. ഈയിടെയായി ഒൻപതിടങ്ങളിലാണ് മോഷണശ്രമം നടന്നത്. അഞ്ചുപേരടങ്ങുന്ന സംഘം കൂട്ടമായാണ് മോഷണത്തിനെത്തുന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.

രാത്രി 11.55 മുതൽ 1.15 വരെയുള്ള സമയത്താണ് തരകൻ ഹൈസ്കൂളിൽ മോഷണം നടന്നത്. മുഴുവൻ സമയവും മോഷ്ടാക്കൾ ഓഫീസിനകത്തും പുറത്തുമായി ചെലവഴിച്ചു. ഓഫീസ് വാതിൽ തള്ളി തുറന്നാണ് ഉള്ളിൽ കടന്നിട്ടുള്ളത്. മൂന്നു ലാപ്ടോപ്പ്, ഡിജിറ്റൽ ക്യാമറ, ആറു അലമാരകൾ, മേശ, സി.സി.ടി.വി. ക്യാമറ എന്നിവ അടിച്ചുപൊട്ടിച്ചു. അലമാരയ്ക്കുള്ളിലെ സാധനങ്ങളൊക്കെ വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. ഒരു ലാപ്ടോപ്പ് മോഷണംപോയിട്ടുണ്ട്. തരകൻ സ്കൂളിനടുത്ത് ഹയർസെക്കൻഡറി ബ്ലോക്കിനടുത്തുള്ള വീട്ടിലും മോഷണശ്രമം നടന്നു. രാത്രി രണ്ടിനും മൂന്നിനും ഇടയിലാണ് മറ്റിടങ്ങളിൽ മോഷണങ്ങൾ നടന്നിട്ടുള്ളത്.

കുന്നുംപുറം മൂരിക്കുന്നൻ മുഹമ്മദ് ഫാറൂഖിന്റെ വീട്ടിലെ അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് മോഷണം നടത്തിയത്. കൂട്ടമായെത്തി വാതിൽ തകർത്തശേഷം രണ്ടുപേർ വീടിനുള്ളിൽ കയറി സിറ്റിങ് റൂമിൽ കട്ടിലിനു താഴെ കിടന്നുറങ്ങിയ ഫാറൂഖിന്റെ മകളുടെ ഒരു പവൻ തൂക്കം വരുന്ന പാദസരവും ഒരു പവന്റെ മാലയും ഊരിയെടുത്തു. തൊട്ടടുത്ത കട്ടിലിൽ കിടന്ന ഫാറൂഖിന്റെ ഉമ്മ കുട്ടിയുടെ കരച്ചിൽ കേട്ട് എഴുന്നേറ്റപ്പോൾ ഇവരുടെ കാതിലും കഴുത്തിലും പിടിച്ചുവലിച്ചു. ബഹളം കേട്ട് ഫാറൂഖ് എത്തിയപ്പോഴേക്കും രണ്ടുപേരും രക്ഷപ്പെട്ടു. ഫാറൂഖിന്റെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയെയും എത്തിച്ചിരുന്നു.

ഈ വീടിന്റെ തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത വീടിന്റെ ജനൽ പൊളിച്ച് അകത്ത് കടന്ന് അലമാരയിലെ തുണികൾ വലിച്ചുവാരിയിട്ടു. അതിനടുത്ത വീട്ടിലും ജനൽക്കമ്പികൾ ഇളക്കിമാറ്റി അകത്ത്‌ കടക്കാൻ ശ്രമം നടത്തി. മുതുവറ ക്ഷേത്രത്തിനു സമീപമുള്ള റോഡിലെ രണ്ടു വീടുകളിൽ മോഷ്ടാക്കൾ ജനാല വഴി അകത്ത്‌ കടക്കാൻ ശ്രമിച്ചു. ജനാലയിലൂടെ ടോർച്ചിന്റെ വെളിച്ചം ശ്രദ്ധയിൽപ്പെട്ട് വീട്ടുകാർ എഴുന്നേറ്റതിനാൽ കള്ളന്മാർ രക്ഷപ്പെട്ടു. ഈ ഭാഗത്ത് രണ്ടു ദിവസം മുൻപും വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ജനാലയുടെ ഇരുമ്പഴികൾ വളയ്ക്കാൻ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. ദേശം റസിഡൻസിൽ വിഷ്ണു നഗറിലെ ഒരു വീട്ടിലും മോഷണശ്രമം നടന്നു. കഴിഞ്ഞദിവസം വാങ്ങിയ തുണികളടങ്ങുന്ന കവർ വീടിനു പുറത്ത് വലിച്ചിട്ടുണ്ട്. സംഘംചേർന്നുള്ള മോഷണശ്രമങ്ങൾ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമക്കാരുടേതിനു സമാനമാണെന്നും ഇവരായിരിക്കാം ഇതിനുപിന്നിലെന്നും സംശയിക്കുന്നു. രാത്രി രാജ്യറാണി എക്സ്പ്രസിൽ എത്തി പുലർച്ചെ രാജ്യറാണി എക്സ്പ്രസിൽ തന്നെ നിലമ്പൂർ ഭാഗത്തേക്ക് തിരിച്ചുപോകുന്ന തരത്തിലാണ് ഇവരുടെ യാത്രയെന്നും സംശയിക്കുന്നുണ്ട്. ഇവിടങ്ങളിൽ രാത്രി കാലങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *