
Perinthalmanna Radio
Date: 13-06-2023
അങ്ങാടിപ്പുറം : പരിയാപുരം മില്ലുംപടിയിൽ അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന് 72 പവന്റെ ആഭരണവും 20000 രൂപയും കവർന്നു. സിബി പുതുപ്പറമ്പിലിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. വിദേശ കറൻസി റിയാലും നഷ്ടപ്പെട്ടിട്ടുണ്ട്.
അബുദാബി റിഗ്ഗിൽ ജോലിചെയ്യുന്ന സിബി അവധിയിൽ നാട്ടിലെത്തിയിരുന്നെങ്കിലും കുടുംബവുമൊത്ത് ഞായറാഴ്ച ഉച്ചയോടെ മകളുടെ ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തേക്കു പോയതായിരുന്നു. രാത്രി 10.30-നാണ് മോഷ്ടാവ് അകത്തുകടന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നതെന്ന് പോലീസ് പറഞ്ഞു.
വീടിന്റെ പിറകു വശത്തെ മതിൽ ചാടിക്കടന്ന് അടുക്കളവാതിൽ പിക്കാസും ആയുധങ്ങളും ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിൽത്തന്നെയുള്ള ആയുധങ്ങളാണ് മോഷണത്തിനായി ഉപയോഗിച്ചത്. വീടിനകത്തെ മുറികളുടെ വാതിലുകളും അലമാരകളും കുത്തിപ്പൊളിച്ചു. എല്ലാ അലമാരകളും കുത്തിപ്പൊളിച്ച് തുണിയും മറ്റും വലിച്ചിട്ടിരുന്നു. വീടിന്റെ നാലുവശത്തും സി.സി.ടി.വി. ക്യാമറകളുണ്ട്. ആറടിയോളം ഉയരത്തിൽ വെളുത്ത് കഷണ്ടിയുള്ള ആളാണ് ദൃശ്യങ്ങളിൽ പതിഞ്ഞത്.
തിങ്കളാഴ്ച രാവിലെ വളർത്തുപൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാൻ എത്തിയ സിബിയുടെ അനിയനാണ് അടുക്കളവാതിൽ കുത്തിപ്പൊളിച്ചനിലയിൽ കണ്ടത്. ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണ സി.ഐ. പ്രേംജിത്ത്, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവർ സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും പോലീസ് നായയും പരിശോധനയ്ക്ക് എത്തിയിരുന്നു. തൊട്ടടുത്ത എല്ലാ സി.സി.ടി.വി. ക്യാമറകളും പരിശോധിക്കുന്നുണ്ട്. സിബിയുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
തുടർച്ചയായുള്ള മോഷണം അങ്ങാടിപ്പുറത്ത് ജനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് റെയിൽവേസ്റ്റേഷൻ പരിസരത്തും കുന്നുംപുറം ഭാഗത്തും മുതുവറ ക്ഷേത്രം റോഡ് പ്രദേശങ്ങളിലും സംഘംചേർന്ന് മോഷണശ്രമം നടത്തിയത്. കുന്നുംപുറത്ത് ഒരു വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ പാദസരവും മാലയും ഊരിയെടുത്തിരുന്നു. തൊട്ടടുത്ത വീടുകളിലും മോഷണശ്രമമുണ്ടായി. തരകൻ ഹൈസ്കൂളിലെ ഓഫീസിലും അന്ന് കള്ളൻകയറി കംപ്യൂട്ടറുകൾ നശിപ്പിച്ചിരുന്നു. അന്ന് അഞ്ചുപേരടങ്ങിയ സംഘത്തെയാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
