Perinthalmanna Radio
Date: 22-12-2022
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ 2023-ലെ പൂരാഘോഷങ്ങൾക്ക് തുടക്കമായി പൂരം കുറിക്കൽ ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ഈ ചടങ്ങ് നടത്തുന്നത്.
രാത്രി അത്താഴപ്പൂജയ്ക്കുശേഷം ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ, ക്ഷേത്രം തന്ത്രി, അസിസ്റ്റന്റ് മാനേജർ, മറ്റു ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവരുടെ സാന്നിധ്യത്തിൽ കാവുടയ നായർ ക്ഷേത്രം ട്രസ്റ്റി പ്രതിനിധികളോട് ‘പൂരം കുറിക്കട്ടെ’ എന്ന് മൂന്നു പ്രാവശ്യം ചൊല്ലുകയും അവർ അനുമതി നൽകുകയും ചെയ്യുന്നതാണ് ചടങ്ങ്.
പിന്നീട് കാവുടയ നായർ സന്ധ്യവേല വിളക്കിൽ തിരി തെളിച്ചു. 2023 മാർച്ച് 28-നാണ് പൂരം പുറപ്പാട്. ഈ വർഷം സാധാരണ ആഘോഷങ്ങൾക്ക് പുറമേ സാംസ്കാരിക സദസ്സ്, പൂരവിളംബര ഘോഷയാത്ര ഇവയെല്ലാം ഉൾപ്പെടുത്തി വിപുലമായ രീതിയിൽ പൂരം ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം എക്സി. ഓഫീസർ എം. വേണുഗോപാൽ അറിയിച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ