
Perinthalmanna Radio
Date: 29-03-2023
അങ്ങാടിപ്പുറം: ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനു തുടക്കമായി.
പതിനായിരങ്ങള്‍ പങ്കെടുത്ത പുറപ്പാട് എഴുന്നള്ളിപ്പോടെയാണ് വള്ളുവനാടിന്‍റെ മാമാങ്കോത്സവം തുടങ്ങിയത്. പൂര നാളുകളിലെ ഏറ്റവും ഹൃദ്യമായ എഴുന്നള്ളിപ്പാണ് പുറപ്പാടെഴുന്നള്ളിപ്പ്. പുറപ്പാടെഴുന്നള്ളിപ്പ് കാണാന്‍ നാടിന്‍റെ നാനാദിക്കില്‍ നിന്നു ഒട്ടേറെ പേര്‍ ഇന്നലെ ക്ഷേത്ര സന്നിധിയിലെത്തി. രാവിലെ പത്തിനാണ് ഗജവീരന്‍മാരുടെ അകമ്പടിയോടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്.
വള്ളുവനാട് രാജകുടുംബത്തിലെ രണ്ടാംസ്ഥാനി രാജരാജവര്‍മ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. വേണുഗോപാല്‍, അസിസ്റ്റന്‍റ് മാനേജര്‍ എ.എന്‍ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുറപ്പാടെഴുന്നള്ളിപ്പ്. ആലിക്കല്‍, വായില്യാംകുന്ന്, കോങ്ങാട് ക്ഷേത്രങ്ങളുടെ ദേവികളുടെ പ്രതിനിധികളായി എടപ്പറ്റ പുക്കാട്ട് ഗോവിന്ദന്‍ നായര്‍, എരവിമംഗലം മണ്ണിങ്ങല്‍ ശ്രീധരന്‍നായര്‍, കാപ്പ് പുളിക്കല്‍ നാരായണന്‍ നായര്‍, എടപ്പറ്റ പൂക്കാട് ഗോവിന്ദന്‍കുട്ടി നായര്‍ എന്നീ കോമരങ്ങളും പങ്കെടുത്തു.ഗജവീരന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ജൂണിയര്‍ വിഷ്ണുവാണ് പുറപ്പാടെഴുന്നള്ളിപ്പിന് ഭഗവതിയുടെ തിടന്പേറ്റിയത്. ഗീതാഞ്ജലി വിഘ്നേശ്വരന്‍, വഴുവാടി കാശിനാഥന്‍ എന്നീ ആനകളും അകമ്പടിയായി.
ആറാട്ടുചടങ്ങുകള്‍ക്ക് പന്തലക്കോടത്ത് ദാമോദരന്‍ നന്പൂതിരിയാണ് കാര്‍മികത്വം വഹിച്ചത്. ഇന്നലെ രാവിലെ എട്ടിനു ക്ഷേത്രസന്നിധിയില്‍ സരോജിനി നങ്ങ്യാരമ്മയുടെ നേതൃത്വത്തില്‍ കുത്തും തുടര്‍ന്ന് കുത്തുപുറപ്പാടും നടന്നു. പന്തീരടി പൂജക്ക് ശേഷമാണ് പുറപ്പാടെഴുന്നള്ളിപ്പ് നടന്നത്. വടക്കേ നടയിറങ്ങി ആറാട്ടുകടവില്‍ ആദ്യ ആറാട്ടും നടത്തി.11 മണിക്ക് ആറാട്ടു കഴിഞ്ഞുള്ള കൊട്ടിക്കയറ്റത്തില്‍ ചെറുശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളവും വൈകീട്ട് നാലിന് ക്ഷേത്രാങ്കണത്തില്‍ ഓട്ടന്‍തുള്ളലും നടന്നു. ഇന്നു മുതല്‍ ഏപ്രില്‍ ഏഴുവരെ വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് നടക്കുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
